ധൃതിപിടിച്ച് അറസ്റ്റ് പാടില്ല: പകപോക്കാന്‍ സ്ത്രീധന ഗാര്‍ഹിക പീഡന കേസുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ സുപ്രീം കോടതി ഇടപെടല്‍

ഡല്‍ഹി: സ്ത്രീധന ഗാര്‍ഹിക പീഡന കേസുകളില്‍ ഇനി ചാടിക്കയറിയുള്ള അറസ്റ്റ് ഉണ്ടാകില്ല. ഇത്തരം കേസുകളിലെ അറസ്റ്റിനും നടപടികള്‍ക്കും പുതിയ മാനദണ്ഡങ്ങള്‍ സുപ്രീം കോടതി പുറപ്പെടുവിച്ചു. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയശേഷം മാത്രമേ കുറ്റാരോപിതരെ അറസ്റ്റ് ചെയ്യാവൂവെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. 1983ല്‍ കൊണ്ടുവന്ന സ്ത്രീധന ഗാര്‍ഹിക പീഡന നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന പരാതിയിലാണ് കോടതി ഇടപെടല്‍.

ജില്ലാ തലത്തില്‍ രൂപീകരിക്കുന്ന കുടുംബ ക്ഷേമ സമിതികള്‍ പരിശോധിച്ചശേഷം മാത്രമേ ഇത്തരം കേസുകളില്‍ അറസ്റ്റ് നടത്താന്‍ പാടുള്ളൂ. ഇത്തരം കമ്മിറ്റികള്‍ ആദ്യം ചെയ്യേണ്ടത് ഇരു വിഭാഗവുമായും നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ട് കാര്യങ്ങള്‍ മനസിലാക്കണം. തുടര്‍ന്ന് ഒരു മാസത്തിനുള്ളില്‍ കമ്മിറ്റി പോലീസിനോ മജിസ്‌ട്രേറ്റിനോ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിക്കും വരെ പോലീസിന്റെ അറസ്റ്റ് പാടില്ല.

സ്ഥലത്തെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ തന്നെ കേസ് കൈകാര്യം ചെയ്യണം. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കുറഞ്ഞത് ഒരാഴ്ചയെങ്കിലും വിഷയവുമായി ബന്ധപ്പെട്ട പരിശീലനം ഉണ്ടായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജാമ്യ നടപടികളെക്കുറിച്ചും നിര്‍ദേശങ്ങളുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0