ശനി ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിച്ചു

sani temple ladiesഅഹമ്മദ് നഗര്‍: 400 വര്‍ഷമായി നിലനിന്നിരുന്ന വിലക്ക് ഇനി ചരിത്രം… മഹാരാഷ്ട്രയിലെ പ്രസിദ്ധമായ ശിഖ്‌നാപൂര്‍ ശനി ക്ഷേത്രത്തില്‍, ശ്രീകോവിലില്‍ ഇനി സ്ത്രീകള്‍ക്ക് പ്രവേശിക്കാം.

ഭൂമാതാ ബ്രിഗേഡ്‌ പ്രവര്‍ത്തക തൃപ്‌തി ദേശായിയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭമാണു ശനി ക്ഷേത്രത്തില്‍ സ്‌ത്രീ പ്രവേശനത്തിനു വഴിയൊരുക്കിയത്‌. ക്ഷേത്രപ്രവേശനത്തിലെ ലിംഗവിവേചനം ഭരണഘടനാവിരുദ്ധമാണെന്നും പുരുഷന്മാര്‍ക്ക്‌ ആരാധന നടത്താന്‍ കഴിയുന്നിടത്തെല്ലാം സ്‌ത്രീകള്‍ക്കും അനുവാദം നല്‍കണമെന്നും മഹാരാഷ്‌ട്ര കോടതിയുടെ ഉത്തരവും ഉണ്ടായതോടെയാണ്‌ ക്ഷേത്രം ട്രസ്‌റ്റ്‌ യോഗം ചേര്‍ന്ന്‌ സ്‌ത്രീകള്‍ക്കും ഗുഡി പഡ്‌വ ദിനത്തില്‍ ക്ഷേത്രമണ്ഡപത്തില്‍ പൂജ നടത്താന്‍ അനുവാദം നല്‍കിയത്‌.

നവംബറില്‍ ത്രിപദി ദേശായിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ ശ്രമം നടത്തിയിരുന്നു. ഇതു പരാജയപ്പെട്ടതിനെതുടര്‍ന്ന് ഇവര്‍ മുംബൈ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സ്‌ത്രീപ്രവേശന വിവാദം ശക്‌തമായതോടെ പുരുഷന്മാര്‍ക്കു മണ്ഡപത്തില്‍ പ്രവേശനം അനുവദിച്ചിരുന്ന രീതിക്ക്‌ മാറ്റം വരുത്തിയിരുന്നു. പൂജാരിയെ മാത്രം ക്ഷേത്ര ശ്രീകോവിലില്‍ പ്രവേശിപ്പിച്ചാല്‍ മതിയെന്നായിരുന്നു അധികൃതരുടെ നിലപാട്.  ഗുഡി പഡ്‌വ ദിനത്തില്‍ പുരുഷന്മാര്‍ ഗോദാവരി, മൂലെ നദികളിലെ ജലം മണ്ഡപത്തിലെ ശനിവിഗ്രഹത്തില്‍ ധാര ചെയ്യുക വര്‍ഷങ്ങളായി നിലനിന്ന ആചാരമാണ്‌. മണ്ഡപത്തില്‍ ആരെയും അനുവദിക്കേണ്ടെന്ന ഭാരവാഹികളുടെ വിലക്ക്‌ മറികടന്ന്‌ ഇന്നലെ ഇരുനൂറ്റമ്പതോളം പുരുഷന്മാര്‍ മണ്ഡപത്തില്‍ പ്രവേശിച്ചു. തുടര്‍ന്ന്‌ ഈ വിശേഷദിവസം സ്‌ത്രീകളടക്കം എല്ലാവര്‍ക്കും അതിന്‌ അനുമതി നല്‍കാന്‍ ട്രസ്‌റ്റ്‌ തീരുമാനിക്കുകയായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!