104 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി- 37 കുതിച്ചുയര്‍ന്നു

നൂറിലധികം ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിക്കുന്നത് ബഹിരാകാശ ചരിത്രത്തില്‍ ആദ്യം

ബംഗളൂരു: ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ. 104 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് ഭ്രമണപഥത്തിലെത്തിക്കാനുള്ള ചരിത്ര ദൗത്യവുമായി പി.എസ്.എല്‍.വി സി-37 കുതിച്ചുയയര്‍ന്നു. ആദ്യഘട്ടം വിജയകരം.

രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നായിരുന്നു ബഹിരാകാശ ഗവേഷണ രംഗത്തെ ചരിത്രം മാറ്റിയെഴുതുന്ന ദൗത്യം. പി.എസ്.എല്‍.വി റോക്കറ്റില്‍ ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് 2 ഒരു ഉപഗ്രഹം, ഐ.എന്‍.എസ് ഒന്ന് എ, ഐ.എന്‍.എസ് ഒന്ന് ബി – മൂന്ന് വലിയ ഉപഗ്രഹങ്ങളും മറ്റ് രാജ്യങ്ങളുടെ 101 ചെറു ഉപഗ്രഹങ്ങളുമാണ് വിക്ഷേപിക്കുന്നത്.

തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്ററില്‍ വികസിപ്പിച്ചെടുത്ത പി.എസ്.എല്‍.വിയുടെ എക്സ്എല്‍ പതിപ്പാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്.  ആദ്യം 83 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് 21 വിദേശ ഉപഗ്രഹങ്ങള്‍ കൂടി ചേര്‍ത്തു. തുടര്‍ന്ന് ദൗത്യം ഡിസംബര്‍ 26ല്‍ നിന്ന് ഈമാസം 15 ലേക്ക് മാറ്റുകയായിരുന്നു.  ബഹിരാകാശ ചരിത്രത്തില്‍ ആദ്യമായാണ് നൂറിലധികം ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിക്കുന്നത്. ദൗത്യം വിജയിച്ചാല്‍ 37 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ച റഷ്യയും 29 എണ്ണം ഭ്രമണപഥത്തിലെത്തിച്ച അമേരിക്കയും ഇന്ത്യക്ക് പിന്നിലാകും. 2016 ജൂണ്‍ 22ന് 20 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് ഭ്രമണപഥത്തിലെത്തിച്ചതായിരുന്നു രാജ്യത്തിന്റെ ഉപഗ്രഹ വിക്ഷേപണത്തിലെ റെക്കോഡ്.

Loading...

COMMENTS

WORDPRESS: 0
DISQUS: 0