ഡി.എന്‍.എയുടെ അതിജീവനം വരച്ചുകാട്ടിയ മൂന്നു പേര്‍ രസതന്ത്രത്തിന്റെ് നോബല്‍ സമ്മാനം പങ്കിട്ടു

nobel chemistry 2015സ്‌റ്റോക്‌ഹോം: ജനിതകഘടനയുടെ അടിസ്ഥാനമായ ഡി.എന്‍.എയ്ക്കുണ്ടാകുന്ന കേടുപാടുകള്‍ ശരീരകോശങ്ങള്‍ സ്വയം പരിഹരിക്കുന്ന അതിസങ്കീര്‍ണമായ പ്രക്രിയ വരച്ചുകാട്ടിയ മൂന്നു ഗവേഷകര്‍ക്ക് ഇക്കൊല്ലത്തെ രസതന്ത്ര നൊബേല്‍ സമ്മാനം.

തോമസ് ലിന്‍ഡാല്‍, പോള്‍ മോഡ്രിക്, അസീസ് സന്‍കാര്‍ എന്നിവര്‍ക്കാണു പുരസ്‌കാരം. കോശങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മനസിലാക്കാനും പാരമ്പര്യ രോഗങ്ങള്‍, കാന്‍സര്‍, പ്രായമാകല്‍ തുടങ്ങിയവയ്ക്ക് അടിസ്ഥാന വിശദീകരണം നല്‍കാനും ചികിത്സാ സങ്കേതങ്ങള്‍ കണ്ടെത്താനും ഇവര്‍ നടത്തിയ ഗവേഷണം വഴിയൊരുക്കുമെന്നാണ് പുരസ്‌കാര നിര്‍ണയ സമിതിയുടെ വിലയിരുത്തല്‍.

വ്യത്യസ്ത ജീവജാലങ്ങളുടെ ഘടനയുടെയും വളര്‍ച്ചയുടെയും ജനിതക കോഡ് എഴുതപ്പെട്ടിരിക്കുന്ന ഡിഓക്‌സിറൈബോന്യൂക്ലിക് ആസിഡ് എന്ന ഡി.എന്‍.എയാണ് ഓരോ ജീവിവര്‍ഗത്തെയും മറ്റുള്ളവയില്‍നിന്നു വ്യത്യസ്തമാക്കുന്നത്. പുതുതായി ഓരോ കോശം ഉണ്ടാകുമ്പോഴും ഈ കോഡിന്റെ തനിപ്പകര്‍പ്പുകള്‍ സൃഷ്ടിക്കപ്പെടും. വിവിധ കാരണങ്ങളാല്‍ ഇവയ്ക്കുണ്ടാകുന്ന തകരാറുകള്‍ കോശങ്ങള്‍ സ്വയം പരിഹരിക്കുന്നതിനെപ്പറ്റിയായിരുന്നു ഇവര്‍ നടത്തിയ പഠനം.

ബ്രിട്ടനിലെ ക്ലെയര്‍ ഹാള്‍ ലാബിലെ കാന്‍സര്‍ ഗവേഷണവിഭാഗം എമരിറ്റസ് പ്രഫസറാണ് തോമസ് ലിന്‍ഡാല്‍. യു.എസിലെ ഹൊവാര്‍ഡ് ഹ്യൂസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശീലകനാണ് പോള്‍ മോഡ്രിക്. തുര്‍ക്കി വംശജനായ സന്‍കാര്‍ യു.എസിലെ നോര്‍ത്ത് കരോലിന സര്‍വകാലാശാലയില്‍ മെഡിസിന്‍ വിഭാഗം പ്രഫസറാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0