ചരടുവലിച്ച് ഐ ഗ്രൂപ്പ്, രമേശിനെ വെട്ടാന്‍ കരുക്കള്‍ തേടി എ, തേരുതെളിച്ച് സുധീരന്‍…

പരസ്യ പ്രസ്താവന നടത്താതെ പിന്നാമ്പുറത്ത് ചരടുവലികള്‍ നടത്തി ഐ ഗ്രൂപ്പ്, രമേശ് ചെന്നിത്തലയെ പകരക്കാരനാക്കാന്‍ അംഗീകരിക്കില്ലെന്ന ഉറച്ചനിലപാടില്‍ എ ഗ്രൂപ്പ്, കലങ്ങി മറിയുന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തിനു നടുവിലൂടെ വി.എം. സുധീരന്റെ തേര് തലസ്ഥാനത്തേക്ക് ഉരുളുന്നു….

അസാധാരണമായ രാഷ്ട്രീയ സാഹചര്യമാണ് യു.ഡി.എഫില്‍ രൂപം കൊണ്ടിരിക്കുന്നത്. വി.എം. സുധീരനും, രമേശ് ചെന്നിത്തലയ്ക്കും പുറമേ ഹൈക്കമാന്‍ഡും ഘടകക്ഷികളും ഉമ്മന്‍ ചാണ്ടി രാജി വയ്‌ക്കേണ്ടതില്ലെന്ന് പരസ്യമായി പറഞ്ഞു. എന്നാല്‍, പാര്‍ട്ടിക്കും മുന്നണിക്കും ഉള്ളിലെ സ്ഥിതി ഇതല്ല. ഏറെക്കാലമായി ചര്‍ച്ച ചെയ്യുന്ന നേതൃതമാറ്റം അനിവാര്യമാക്കുന്ന ചരടുവലികളാണ് അണിയറയില്‍ അരങ്ങേറുന്നത്.

ഭരണതുടര്‍ച്ചയെന്ന ലക്ഷ്യം മങ്ങൂന്നതുയര്‍ത്തി കാട്ടിയുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഉമ്മന്‍ ചാണ്ടി മാറണമെന്ന ആവശ്യവുമായി ഐ ഗ്രൂപ്പ് മുന്നോട്ടുപോവുകയാണ്. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന നിലപാടിലാണ് എ ഗ്രൂപ്പ് നേതാക്കള്‍. ഉമ്മന്‍ ചാണ്ടിയെ ഇപ്പോള്‍ മാറ്റന്നത് തിരിച്ചടിയുണ്ടാക്കുമെന്നും അവര്‍ വ്യക്തമാക്കുന്നു. കൂടുതല്‍ വെളിപ്പെടുത്തലുകളോ തെളിവുകളോ സരിതയുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയോ, പുറത്തുവരുകയോ ചെയ്താല്‍ കാര്യങ്ങള്‍ വീണ്ടും സങ്കീര്‍ണമാകുമെന്ന് ഇവര്‍ക്കും ബോധ്യമുണ്ട്.

നേതൃമാറ്റമെന്ന ആവശ്യം ശക്തമായാല്‍, മന്ത്രിസഭ പിരിച്ചുവിടാനുള്ള ഒരുക്കത്തിലാണ് എ ഗ്രൂപ്പ്. അതേസമയം, ഇരു ഗ്രൂപ്പുകളുടെയും ഏറ്റുമുട്ടലിനിടെ, മറ്റു മാര്‍ഗങ്ങള്‍ ഹൈക്കമാന്‍ഡ് ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എ.കെ. ആന്റണിയെയോ വി.എം്. സുധീരനെയോ പരിഗണിക്കുന്നതാണ് ആലോചനയില്‍. അങ്ങനെയെങ്കില്‍, തുടക്കം മുതല്‍ പ്രതിസന്ധികളെ നേരിട്ട് തലസ്ഥാന നഗരിയിലേക്ക് തേരു തെളിക്കുന്ന വി.എം. സുധീരന്‍ ഇവിടെ എത്തിച്ചേരുന്നത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചുകൊണ്ടാകും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0