അപകടങ്ങളില്‍പ്പെടുന്നവരെ കൈവിട്ട് ആശുപത്രികള്‍, ആംബുലന്‍സുകള്‍ അലയുന്നത് മണിക്കൂറുകള്‍

തിരുവനന്തപുരം: റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ചികിത്സ നല്‍കാന്‍ ആശുപത്രികള്‍ക്കു മടി ?  വെന്റിലേറ്ററുടെ സഹായത്തോടെ എത്തിക്കുന്ന രോഗികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അടക്കം തയാറാകുന്നില്ലെന്ന് ആംബുലന്‍സ് ജീവനക്കാര്‍. രോഗിയുമായി ആംബുലന്‍സുകള്‍ക്ക് തലസ്ഥാന ജില്ലയില്‍പോലും അലയേണ്ടി വരുന്നത് മണിക്കൂറുകള്‍.

റോഡപകടങ്ങള്‍ ഉണ്ടായാല്‍ അടുത്ത ക്ലിനിക്കുകളിലും മറ്റുമാണ് പരുക്കേറ്റവരെ ആദ്യമെത്തിക്കുക. ഇവിടെ പ്രാഥമിക ചികിത്സ നല്‍കിയശേഷം ഭൂരിപക്ഷം കേസുകളും കൂടുതല്‍ സംവിധാനങ്ങളുള്ള ആശുപത്രികളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഈ ദൗത്യം ഏറ്റെടുക്കുന്ന ആധുനിക സൗകര്യങ്ങളോടെയുള്ള ആംബുലന്‍സുകള്‍ക്ക് പറയാനുള്ളത് വലിയ ദുരന്ത കഥകളാണ്. രോഗികളുമായി എത്തുമ്പോള്‍ ഏറ്റെടുക്കാന്‍ സ്വകാര്യ ആശുപത്രികള്‍ മാത്രമല്ല, സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളും തയാറാകാറില്ലെന്നാണ് ഇവര്‍ പറയുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അടക്കം വെന്റിലേറ്റര്‍ ഒഴിവിലെന്നതടക്കം നിരവധി പ്രശ്‌നങ്ങളാണ് നേരിടേണ്ടി വരുന്നത്. അത്യാസന്ന നിലയില്‍ അടിയന്തിര ചികിത്സ ആവശ്യമുള്ള രോഗികളുമായി മണിക്കൂറുകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിനു മുന്നില്‍ പോലും കഴിച്ചുകൂട്ടേണ്ടി വന്ന അനുഭവം ആംബുലന്‍സ് ജീവനക്കാര്‍ ഓര്‍ക്കുന്നു. ഇതിനെല്ലാം ഒടുവില്‍ രോഗിക്ക് ചികിത്സ ലഭിക്കുമ്പോള്‍ പലപ്പോഴും വൈകിയിരിക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ദേശീയ പാതയിലും എം.സി റോഡിലുമുണ്ടാകുന്ന അപകടങ്ങളില്‍, അവിടെനിന്ന് തലസ്ഥാന നഗരിയിലെ ആശുപത്രികളില്‍ വരെ എത്തിക്കപ്പെട്ട് ഈ ദുര്‍ഗതി അനുഭവിക്കപ്പെടുന്ന പുതിയ രോഗികള്‍ എല്ലാ ആഴ്ചയിലും ഉണ്ടാകുമെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇവരെ അഡ്മിറ്റ് ചെയ്യാതിരിക്കാനാകട്ടെ, ആശുപത്രി അധികൃതര്‍ നിരത്തുന്നത് നിരവധി കാരണങ്ങളുമാണത്രേ.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0