സര്‍വയര്‍മാരെ തിരിച്ചുവിളിച്ചു, താലുക്കുകളില്‍ പ്രതിസന്ധി, ജനം വലയും

survey order 1തിരുവനന്തപുരം: വര്‍ക്ക് അറേഞ്ചുമെന്റിലൂടെ താലൂക്കുകളില്‍ നിയമിച്ചിരുന്നു സര്‍വയര്‍മാരെ വകുപ്പ് തിരികെ വിളിച്ചു. ബദല്‍ സംവിധാനമൊരുക്കാതെയുള്ള നടപടി ജനത്തെ വലയ്ക്കും. താലൂക്ക് ഓഫീസുകള്‍ കേന്ദ്രീകരിച്ച് നടന്നുവന്നിരുന്ന ഭൂമി സംബന്ധമായ ജോലികള്‍ നിശ്ചലമാകും.

റിസര്‍വേ ഓഫീസുകള്‍ കേന്ദ്രീകരിച്ച് നടന്നിരുന്ന ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍ 2010 മുതലാണ് താലൂക്ക് ഓഫീസുകളിലേക്ക് മാറ്റിയത്. എന്നാല്‍, ഈ ജോലികള്‍ നിര്‍വഹിക്കുന്നതിന് പുതിയ തസ്തികള്‍ അധികമൊന്നും സൃഷ്ടിച്ചില്ല. പകരം സര്‍വേ വകുപ്പിലുള്ളവരെ വര്‍ക്ക് അറേഞ്ചുമെന്റില്‍ ഇവിടങ്ങളില്‍ നിയമിച്ചു. വര്‍ക്ക് അറേഞ്ചുമെന്റുകളോ ഡെപ്യൂട്ടേഷനുകളോ അനുവദിക്കേണ്ടതില്ലെന്ന പുതിയ സര്‍ക്കാരിന്റെ നിലപാട് വന്നതോടെ ഇവരെയെല്ലാം തിരികെ വിളിച്ചു.

ഇതുസംബന്ധിച്ച ഉത്തരവ് സര്‍വേ ഡയറക്ടര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ എല്ലാവരും സര്‍വേ വകുപ്പിലെ സ്വന്തം തസ്തികകളിലേക്ക് മടങ്ങും. 15 പേര്‍ വരെ വര്‍ക്ക് അറേഞ്ചുമെന്റില്‍ പ്രവര്‍ത്തിക്കുന്ന തലസ്ഥാന ജില്ലയിലെ താലൂക്കുകളില്‍ ഇപ്പോഴും ജനങ്ങളുടെ പരാതികള്‍ കെട്ടിക്കിടക്കുകയാണ്. ആയിരകണക്കിന് പരാതികളാണ് ഇനിയും തീര്‍പ്പാക്കാതെ കിടക്കുന്നത്. ഉദ്യോഗസ്ഥര്‍ മാര്‍ മടങ്ങുന്നതോടെ, അനുവദിക്കപ്പെട്ടിട്ടുള്ള ഒന്നോ രണ്ടോ പേര്‍ മാത്രമാകും ഇവിടെയുണ്ടാകു. കോടതികളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും അതിര്‍ത്തി തര്‍ക്കം പരിഹരിക്കലുകളിലുമായി ഇവരുടെ സേവനം ചുരുങ്ങിയാല്‍ വലയുക ഇപ്പോഴേ ക്യൂ നിന്ന് മടുത്തിരിക്കുന്ന സാധാരണക്കാരാകും.

താലൂക്കുകളില്‍ നടന്നിരുന്ന ഭൂമി സംബന്ധമായ സര്‍വേ ജോലികള്‍ പൂര്‍ണമായും മുടങ്ങുമെന്ന് ഉറപ്പാണ്. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം താലൂക്ക് ഓഫീസുകളിലെയും സ്ഥിതി ഇതാണെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. സര്‍വെയര്‍മാരെ പിന്‍വലിക്കുകയും മേല്‍ ഉദ്യോഗസ്ഥരെ നിലനിര്‍ത്തുകയും ചെയ്ത നടപടിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സര്‍വേ വകുപ്പിലെ റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ സര്‍ക്കാര്‍ ഉത്തരവിലൂടെ നിര്‍ത്തി വച്ചിരിക്കുകയാണ്. അതിനാല്‍ തന്നെ ഉദ്യോഗസ്ഥരെ മടക്കി വിളിച്ചാലും കാര്യമായ ജോലികള്‍ ഏല്‍പ്പിക്കാനുണ്ടാവില്ലെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, വര്‍ക്ക് അറേഞ്ച്‌മെന്റ് അനുവദിച്ചതിലൂടെ വകുപ്പിലെ നിരവധി ജോലികള്‍ പല ജില്ലകളിലും മുടങ്ങിക്കിടക്കുകയാണെന്നാണ് സര്‍വേ വകുപ്പിന്റെ വിശദീകരണം. പ്രത്യേക പ്രോജക്ടുകളിലേക്ക് വര്‍ക്ക് അറേഞ്ചുമെന്റ് സംവിധാനം തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0