സര്‍ക്കാര്‍ മാറിയപ്പോള്‍ വിവാദ ഉത്തരവ് വീണ്ടും ഇറക്കി; ജീവനക്കാര്‍ക്ക് ഇരുട്ടടി, പൂട്ടിക്കിടക്കുന്ന ഓഫീസുകള്‍ക്കു മുന്നില്‍ ഇരിന്നു ജോലി ചെയ്യേണ്ട ഗതികേട്

nhm orderതിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട ജീവനക്കാരെ ദ്രോഹിക്കുന്ന വിവാദ ഉത്തരവ് പുതിയ സര്‍ക്കാര്‍ നടപ്പാക്കി. ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ദേശീയ ആരോഗ്യ മിഷനിലെ പി.ആര്‍.ഒ/ പി.ആര്‍.ഒ. കം എല്‍.ഒ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് ഇനി സര്‍ക്കാര്‍ അവധി ദിവസങ്ങളിലും അവധിയില്ല. കൃത്യമായ ഇരിപ്പിടങ്ങളോ ശമ്പള സ്‌കെയിലോ ഇല്ലാത്ത ഇവര്‍ ഓഫീസുകള്‍ പൂട്ടിക്കിടന്നാലും വരാന്തയില്‍ കസേരയിട്ട് ഇരുന്ന് ജോലി ചെയ്യേണ്ട ഗതികേടില്‍.

സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന ഒമ്പതു അവധി മാത്രം ഈ വിഭാഗങ്ങക്ക് ബാധകമാക്കുന്ന ഉത്തരവ് കഴിഞ്ഞ ദിവസം സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ പുറത്തിറക്കി. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ കരാര്‍ വ്യവസ്ഥയില്‍ സേവനം അനുഷ്ടിക്കുന്ന ജീവനക്കാരുടെ അവധികള്‍ ഏകീകരിക്കുന്നതിന്റെ മറവിലാണ് ഒരിക്കല്‍ നടപ്പാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട നീക്കവുമായി ചില ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിരിക്കുന്നത്.

അവധി ഏകീകരിക്കാനായി ഇറക്കിയ ഉത്തവരില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ സംസ്ഥാന, ജില്ലാ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേക ഇളവ് നല്‍കിയതും വിവാദമായിട്ടുണ്ട്. സര്‍ക്കാര്‍ അനുവദിക്കുന്ന എല്ലാ അവധികളും ഇവര്‍ക്ക് ബാധകമാണ്. എന്നാല്‍ ആശുപത്രികളിലും മറ്റ് ചികിത്സാ കേന്ദ്രങ്ങളിലും ജോലി നോക്കുന്നവര്‍ക്ക് ഈ അവധികള്‍ ലഭിക്കില്ല.

ദൗത്യത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 300 ഓളം വരുന്ന പി.ആര്‍.ഒ/ പി.ആര്‍.ഒ. കം എല്‍.ഒമാര്‍ ജോലി നോക്കുന്നത് സി.എച്ച്.സികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുമാണ്. ഇവരിലധികവും സ്ത്രീകളാണ്. അവധി ദിവസങ്ങളില്‍ ഓഫീസുകള്‍ തുറക്കാന്‍പോലും ആരും എത്താത്ത സ്ഥലങ്ങളില്‍ ഇവര്‍ എത്തി പുറത്തിരിക്കേണ്ട ഗതികേടാണ് പുതിയ ഉത്തരവ് സൃഷ്ടിക്കുന്നത്.

കഴിഞ്ഞ സര്‍ക്കാരിന്റെ സമയത്ത് ഇതുസംബന്ധിച്ച കരട് ഉത്തരവ് ഇറങ്ങിയപ്പോള്‍ മന്ത്രിയായിരുന്ന വി.എസ്. ശിവകുമാര്‍ നേരിട്ട് ഇടപെടുകയും ഉത്തരവ് റദ്ദാക്കുകയുമായിരുന്നു. എന്തുവില കൊടുത്തും ഇതു നടപ്പാക്കുമെന്ന് അന്ന് വെല്ലുവിളിച്ച ഉദ്യോഗസ്ഥരാണ് ഉദ്യേഗസ്ഥരെ ദ്രോഹിക്കുന്ന ഇപ്പോഴത്തെ നീക്കത്തിനു പിന്നിലെന്നാണ് ആരോപണം.

അത്യാഹിത ഘട്ടങ്ങളില്‍ ഇടപെടേണ്ട വിഭാഗമായതിനാലാണ് തീരുമാനമെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം, അത്യാഹിത ഘട്ടങ്ങളില്‍ ഇടപെടേണ്ട ഡോക്ടര്‍മാര്‍, തഹസീല്‍ദാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഓണ്‍ കോള്‍ അലര്‍ട്ടിലൂടെ എത്തുമ്പോഴാണ് ഒരു വിഭാഗത്തിനുമേല്‍ മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. പുറ്റിങ്ങള്‍ ദുരന്തത്തിലടക്കം ഈ വിഭാഗത്തിലുള്ളവരുടെ മികച്ച പ്രവര്‍ത്തനത്തെ അഭിനന്ദിക്കാന്‍ അധികാരികള്‍ തയാറായിട്ടില്ല. അതിനിടെയാണ്, വകുപ്പിന്റെ തലപ്പത്ത് ഒരു വനിതാ മന്ത്രി എത്തിയപ്പോള്‍ ഇവരുടെ പ്രവര്‍ത്തനമെന്തെന്നുപോലും പഠിക്കാതെ, വനിതകള്‍ കൂടുതലായി പ്രവര്‍ത്തിക്കുന്ന വിഭാഗത്തിനെതിരായ നടപടി.

COMMENTS

WORDPRESS: 0
DISQUS: 0