വിവാദ നിര്‍മ്മാണങ്ങള്‍ക്ക് പച്ചക്കൊടി; അവാര്‍ഡ് നല്‍കി സര്‍ക്കാര്‍ നയം വ്യക്തമാക്കി


തിരുവനന്തപുരം: അഴിമതിക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുമെന്ന് പറയുന്ന സര്‍ക്കാര്‍, ചട്ടവിരുദ്ധമായി നിര്‍മ്മിച്ച ഹോട്ടലുകളെ അവാര്‍ഡ് നല്‍കി ആദരിച്ചത് വിവാദത്തില്‍. തീരദേശ പരിപാലന നിയമം അടക്കം കാറ്റില്‍പറത്തി നിര്‍മ്മിച്ച ഹോട്ടലുകള്‍ക്ക് സംസ്ഥാനത്തെ സര്‍ക്കാരിന്റെ കഴിഞ്ഞ വര്‍ഷത്തെ ടൂറിസം അവാര്‍ഡുകളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ട് സമ്മാനിച്ചത്.

അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യം ശക്തമായിരിക്കുന്നതിനിടെയാണ് സര്‍
ക്കാരിന്റെ പുതിയ നടപടി. കൊച്ചിയിലെ മരടില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ കൗണ്‍പ്ലാസയുടെ നിര്‍മ്മാണം തുടക്കം മുതല്‍ വിവാദത്തിലായിരുന്നു. തീരദേശ പരിപാല നിയമത്തെ തീര്‍ത്തും നോക്കുകുത്തിയാക്കി ഉയര്‍ന്ന ഈ ഹോട്ടലുമായി ബന്ധപ്പെട്ട കേസുകള്‍ കോടതിയിലാണ്.

തെറ്റായ സന്ദേശം നല്‍കുമെന്ന് വി.എസ്.

നിമവിരുദ്ധമായി നിര്‍മ്മാനം നടത്തി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്ക് അവാര്‍ഡ് നല്‍കിയ സര്‍ക്കാര്‍ നടപടി തെറ്റായ സന്ദേശം നല്‍കുമെന്ന് വി.എസ്. അച്യുതാനന്ദന്‍. മാരാരി ബീച്ച് റിസോര്‍ട്ട്, ക്രൗണ്‍ പ്ലാസ എന്നിവ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ചിവയാണ്. അങ്ങനെയുുള്ള ഹോട്ടലുകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പേരില്‍ അവാര്‍ഡ് നല്‍കുന്നത് അവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ വെള്ളപൂശാന്‍ അവസരം ഒരുക്കുമെന്ന് വി.എസ്. ചൂണ്ടിക്കാട്ടി.

അനധികൃത നിര്‍മ്മാണത്തിനു കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് പരാതിയില്‍ വിജിലന്‍സിന്റെ ത്വരിത പരിശോധന പുരോഗമിക്കുകയാണ്. ആലപ്പുഴയിലെ മാരാരി ബീച്ച് റിസോര്‍ട്ടിനെതിരെയും നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്.

മികച്ച ഫൈവ് സ്റ്റാന്‍ ഡീലക്‌സ് ഹോട്ടലിനുള്ള അവാര്‍ഡാണ് ഞായറാഴ്ച കോഴിക്കോടു നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൗണ്‍ പ്ലാസ ഉടമയ്ക്ക് സമ്മാനിച്ചത്. മികച്ച ത്രീ സ്റ്റാര്‍ ഹോട്ടലിനുള്ള അവാര്‍ഡാണ് മാരാരി ബീച്ച് റിസോര്‍ട്ടിന് നല്‍കിയത്. ആരോപണ വിധേയരായവര്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ നിന്ന് ഇതുവരെ വിട്ടുനിന്നിട്ടുള്ള മുഖ്യമന്ത്രി, ഈ ചടങ്ങിനെത്തിയതും അവാര്‍ഡുകള്‍ സമ്മാനിച്ചതും ഇത്തരം നിര്‍മ്മാണങ്ങള്‍ അംഗീകരിക്കാനുള്ള ആദ്യപടിയാണെന്നാണ് വിമര്‍ശനം. ഇതിനെതിരെയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുള്ളത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0