പോസ്റ്റില്‍ പറഞ്ഞ ചില കാര്യങ്ങളിലെ സംശയങ്ങള്‍ ദുരീകരിക്കണം, എം.ബി. രാജേഷിന് കെ.എം. ഷാജഹാന്റെ തുറന്നകത്ത്

വിമാനയാത്രാ കൂലി വിവാദവുമായി ബന്ധപ്പെട്ട് എം.പി. രാജേഷ് എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ സംശയങ്ങള്‍ നിരത്തി കെ.എം. ഷാജഹാന്‍ രംഗത്ത്. കെ.എം. ഷാജഹാന്റെ തുറന്ന കത്തിന്റെ പൂര്‍ണരൂപം:

പ്രിയ ശ്രീ എം ബി രാജേഷ്,

താങ്കളും മറ്റ് ചില സി പി എം എം പിമാരും വിമാനയാത്രാ കൂലിയുമായി ബന്ധപ്പെട്ട് പൊതുപണം ധൂര്‍ത്തടിക്കുന്നു എന്ന് ടൈംസ് നൗ എന്ന ചാനല്‍ വാര്‍ത്ത നല്‍കിയിരുന്നുവല്ലോ.

ആ വാര്‍ത്ത തെറ്റിദ്ധാരണാജനകവും അപകീര്‍ത്തിപരവുമാണ് എന്ന് ചൂണ്ടിക്കാട്ടി, താങ്കള്‍ ഉള്‍പ്പെടെ 5 എംപിമാര്‍ ലോകസഭാ സ്പീക്കര്‍ക്ക് കത്തും അയച്ചിരുന്നു. തുടര്‍ന്ന് ചാനലിനെ അതിരൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് താങ്കള്‍ ഫേസ് ബുക്കില്‍ ഒരു പോസ്റ്റും ഇട്ടിരുന്നു. ചാനലിന്റെ ബിജെപി ചായ്‌വ് ചൂണ്ടിക്കാട്ടി താങ്കളെ തെരഞ്ഞ് പിടിച്ച് അക്രമിക്കുകയാണ് അവര്‍ ചെയ്തത് എന്ന് സമര്‍ത്ഥിക്കാനാണ്,താങ്കള്‍ ഫേസ് ബുക്ക് പോസ്റ്റില്‍ ശ്രമിക്കുന്നത്. ആ നിലപാടിനോട് ഞാന്‍ വിയോജിക്കുന്നില്ല.

പക്ഷേ താങ്കള്‍ പോസ്റ്റില്‍ പറഞ്ഞ ചില കാര്യങ്ങള്‍ സംബന്ധിച്ച് ഉള്ള സംശയങ്ങള്‍ ദൂരീകരിച്ച് തരണം എന്നാവശ്യപ്പെടാനാണ് ഈ തുറന്ന കത്ത്.

താങ്കളുടെ പാലക്കാട്ടുള്ള 1915 ചതുരശ്ര അടിയുള്ള വീട്ടിലേക്ക് ടൈംസ് നൗ ചാനല്‍ പ്രവര്‍ത്തകരെ താങ്കള്‍ ക്ഷണിച്ചിട്ടുണ്ട്. താങ്കളുടെ കുടുംബത്തിന്റെ വരുമാനവും ആസ്തിയും ആര്‍ക്കും പരിശോധിക്കാം എന്നും താങ്കള്‍ പറഞ്ഞിട്ടുണ്ട്. ‘ എംപിയായതിന് ശേഷമുള്ള ഒരു ‘ആര്‍ഭാടം’ ബസ്സില്‍ നിന്ന് ഒരു സാധാരണ കാറിലേക്ക് മാറി എന്നതാണ് ‘ എന്ന് താങ്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ആ കാറും വായ്പയെടുത്ത് വാങ്ങിയതാണ് എന്ന് പറയാനും താങ്കള്‍ മറന്നിട്ടില്ല.

ഇക്കാര്യങ്ങള്‍ വായിച്ചപ്പോള്‍ ചില സംശയങ്ങള്‍ മനസ്സിലൂടെ കടന്നു പോയി. ആ സംശയങ്ങള്‍ താങ്കള്‍ ദുരീകരിച്ച് തരുമെന്ന് കരുതുന്നു.

എംപി എന്ന നിലയില്‍ താങ്കള്‍ക്ക് ലഭിക്കുന്ന ശമ്പളവും മറ്റാനുകൂല്യങ്ങളും എത്രയെന്ന് ഒന്ന് പരിശോധിച്ച് നോക്കുകയുണ്ടായി. അത് താഴെ കൊടുത്തിരിക്കുന്നു.

ശമ്പളം 50,000 രൂപ (പ്രതിമാസം)
മണ്ഡല അലവന്‍സ് 45,000 രൂപ (പ്രതിമാസം)
ഓഫീസ് ചിലവ് 15,000 രൂപ (പ്രതിമാസം)
സെക്രട്ടേറിയല്‍ ചിലവ് 30,000 രൂപ ( പ്രതിമാസം )
പാലര്‍മെന്റ് നടക്കുമ്പോള്‍ ദിവസേനയുള്ള അലവന്‍സ് 2,000 രൂപ

ഫോണുകള്‍ മൂന്ന്
മൊബൈല്‍ ഫോണ്‍ 2 (റോമിങ്ങ് സൗകര്യമുള്ളവ)
സൗജന്യ കോളുകള്‍ 1,50,000 ( പ്രതിവര്‍ഷം)

34 വിമാനയാത്രകളുടെ പണം തിരികെ ലഭിക്കും.
ഭാര്യയുമായി വര്‍ഷം 8 വിമാനയാത്രകള്‍ സൗജന്യം.
റയില്‍lറോഡ് യാത്രയ്ക്ക് കിലോമീറ്ററിന് 16 രൂപ ലഭിക്കും.
ഉയര്‍ന്ന ക്ലാസ്സില്‍ സൗജന്യ ട്രെയിന്‍ യാത്ര.
കമ്പ്യൂട്ടറും അനുബന്ധ സാമഗ്രികളും വാങ്ങാന്‍ 2 ലക്ഷം രൂപ.

ഡല്‍ഹിയിലെ താമസ സ്ഥലത്ത് പ്രതിവര്‍ഷം 4000 കിലോ ലിറ്റര്‍ വെള്ളവും 50,000 യൂണിറ്റ് വൈദ്യുതിയും സൗജന്യം. കേന്ദ്രത്തില്‍ സിവില്‍ സര്‍വ്വീസിലെ ക്ലാസ് I ഓഫീസര്‍ക്ക് ലഭിക്കുന്ന മെഡിക്കല്‍ സൗകര്യം. 75,000 രൂപക്ക് ഫര്‍ണിച്ചര്‍ വാങ്ങാം. കാര്‍ വാങ്ങാന്‍ 4 ലക്ഷം വായ്പ.

ഇതാണ് ഒരു എം പി എന്ന നിലയില്‍ താങ്കള്‍ക്ക് ലഭിക്കുന്ന ശമ്പളവും മറ്റാനുകൂല്യങ്ങളും . എംപി എന്ന നിലയിലുള്ള താങ്കളുടെ എട്ടാമത്തെ വര്‍ഷമാണല്ലോ ഇത്. ഇതിനകം മേല്പറഞ്ഞ ഇനങ്ങളിലെല്ലാം കൂടി ഓരോ വര്‍ഷവും ശമ്പളവും ആനുകൂല്യങ്ങളുമായി സര്‍ക്കാരില്‍ നിന്ന് എത്ര രൂപ വാങ്ങി എന്നതിന്റെ കണക്ക് പ്രസിദ്ധീകരിക്കാന്‍ താങ്കള്‍ തയ്യാറുണ്ടോ?

കേന്ദ്ര സര്‍ക്കാര്‍ പ്രതിമാസം ഓരോ മാസവും ഓരോ എം പിക്കും വേണ്ടി 2.7 ലക്ഷം രൂപ ചിലവഴിക്കുന്നു എന്ന് 2016ലെ സര്‍ക്കാര്‍ കണക്കുകള്‍ ഉദ്ധരിച്ച് ദി ഹിന്ദു പത്രം റിപ്പോര്‍ട് ചെയ്തിരുന്നു. എംപി എന്ന നിലയില്‍ താങ്കള്‍ക്ക് ഒരു നയാ പൈസ പോലും ഇന്‍കം ടാക്‌സും അടക്കേണ്ടതില്ലല്ലോ. ഇതനുസരിച്ച് കഴിഞ്ഞ 8 വര്‍ഷം കൊണ്ട് സര്‍ക്കാര്‍ എംപി എന്ന നിലയില്‍ താങ്കള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചിലവഴിച്ചത് 2.59 കോടി രൂപയാണ്. ഇതില്‍ മറ്റെല്ലാ ചിലവുകളും കഴിഞ്ഞ് താങ്കളുടെ സമ്പാദ്യമെത്ര എന്ന് ജനങ്ങള്‍ അറിയുന്നത് നന്നായിരിക്കില്ലെ രാജേഷ് ?

ശമ്പളത്തില്‍ നിന്നാണ് നാമമാത്രമായ തുകയാണ് പാര്‍ടിക്ക് ലെവി അടക്കേണ്ടത്. ആനുകൂല്യങ്ങള്‍ പക്ഷേ ലെവിയുടെ പരിധിയില്‍ വരില്ല. യാത്രപ്പടിയില്‍ നിന്ന് എംപിമാര്‍ വന്‍ തുക ഉണ്ടാക്കുന്നു എന്നത് പച്ചയായ സത്യമല്ലേ?
താങ്കളുടെ സുഹൃത്ത് എ സമ്പത്ത് എം പി 201415 ല്‍ വിമാനയാത്രാ കൂലി ഇനത്തില്‍ എഴുതി എടുത്തത് ഒരു കോടി രൂപയാണ് . അതില്‍ നിന്ന് ഡിഎ ഇനത്തില്‍ ലഭിച്ചത് 25 ലക്ഷം രൂപയാണ്.ശമ്പളത്തിന് മാത്രമേ ലെവിയുള്ളു. ഡി എ തുക മുഴുവന്‍ സ്വന്തമായി ഉപയോഗിക്കാം. 201415 ല്‍ ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നിന്നുള്ള ബി ജെ പി എം പി ബിഷ്ണു പാദ റേക്കൊപ്പം ഏറ്റവും കൂടുതല്‍ തുക വിമാനയാത്രക്കായി എഴുതിയെടുത്ത എംപി താങ്കളുടെ സുഹൃത്തായ സമ്പത്താണ്.

താങ്കളും ഡിഎ ഇനത്തില്‍ ഒരു വര്‍ഷം 6.28 ലക്ഷം വാങ്ങിയതായി സമ്മതിച്ചിട്ടുണ്ടല്ലോ?
കഴിഞ്ഞ 8 വര്‍ഷത്തില്‍ ഓരോ വര്‍ഷവും ഡി എ ഇനത്തില്‍ മൊത്തം എത്ര തുക വാങ്ങി എന്ന് വെളിപ്പെടുത്താനുള്ള ബാധ്യത താങ്കള്‍ക്കില്ലേ?

ആ കണക്ക് ജനങ്ങളുടെ മുമ്പില്‍ വച്ചാല്‍ മാത്രമേ ‘ കുടുബത്തിന്റെ വരുമാനവും ആസ്തിയും പരിശോധിക്കാം’ എന്ന വാദവും ‘ എം പിയായതിന് ശേഷമുള്ള ഒരു ‘ആര്‍ഭാടം’ ബസ്സില്‍ നിന്ന് ഒരു സാധാരണ കാറിലേക്ക് മാറി എന്നതാണ് ‘ എന്ന വാദവും വിശ്വാസയോഗ്യമാവുകയുള്ളു.

അത് കൊണ്ട് ആ കണക്കുകള്‍ എത്രയും വേഗം പൊതുജന സമക്ഷം അവതരിപ്പിക്കണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

എന്ന്
സസ്‌നേഹം,

കെ എം ഷാജഹാന്‍

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0