വൃക്ക വില്‍പ്പന റാക്കറ്റിന് കേരളത്തിലെ സ്ഥാപനങ്ങളുമായി ബന്ധം; ഡോക്ടര്‍ മലയാളിയെന്ന് സൂചന

kidney racketഹൈദ്രാബാദ്: തെലങ്കാനയില്‍ പിടിയിലായത് വിദേശരാജ്യങ്ങളിലേക്കടക്കം വൃക്ക വിറ്റിരുന്ന വന്‍ റാക്കറ്റിലെ കണ്ണികള്‍. ശസ്ത്രക്രിയകള്‍ നടത്തിയിരുന്നത് മലയാളിയായ ഡോക്ടറാണെന്ന് സൂചന. കേരളത്തിലെ ചില ചികിത്സാ കേന്ദ്രങ്ങളുമായും അറസ്റ്റിലായവര്‍ക്ക് ബന്ധം.

നല്‍ഗൊണ്ടയില്‍ തെലങ്കാന പോലീസ് പിടികൂടിയ ഏജന്റുമാരെ ചോദ്യം ചെയ്യുമ്പോള്‍ പുറത്തുവരുന്നത് വൃക്ക റാക്കറ്റിന്റെ അന്തര്‍ദേശിയ ബന്ധമാണ്. അഞ്ചു ലക്ഷം രൂപ നല്‍കി വലയിലാക്കുന്നവരുടെ വൃക്ക റാക്കറ്റ് വില്‍ക്കുന്നത് 30 ലക്ഷം മുതല്‍ മുകളിലോട്ടാണ്. 10 മുതല്‍ 15 ലക്ഷം രൂപവരെ ശസ്ത്രക്രിയ നടത്തുന്ന ആശുപത്രിക്കും അഞ്ചു ലക്ഷം രൂപവരെ ഏജന്റുമാരും വീതിച്ചെടുത്തിരുന്നതായിട്ടാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.

അഞ്ച് ലക്ഷം രൂപയ്ക്ക് സ്വന്തം വൃക്ക വില്‍ക്കാനെത്തിയ 22 കാരന്‍, പിന്നീട് 15 പേരുടെ വൃക്ക വില്‍പ്പന നടത്തിയ ഏജന്റായി മാറിയതാണ് പോലീസ് ആദ്യം കണ്ടെത്തിയത്. ഹോട്ടല്‍ മാനേജുമെന്റ് വിദ്യാര്‍ത്ഥിയായ സുരേഷ്, 2014 ഡിസംബറില്‍ തന്റെ വൃക്ക വിറ്റത് ഒരു വെബ് സൈറ്റ് വഴിയാണ്. ഇതിനായി സുരേഷ് കൊച്ചിയിലെത്തിയിരുന്നതായും സൂചനയുണ്ട്.

സുരേഷ് 15 പേരെ റാക്കിന്റെ വലയിലാക്കിയെന്നാണ് കണ്ടെത്തിയിട്ടുള്ളത. ഒരു ലക്ഷം രൂപവരെ ഓരോ ഇടപാടിലും ഇയാള്‍ക്ക് ലഭിച്ചിട്ടുണ്ട്. പാവപ്പെട്ടവരാണ് വലയിലായവരില്‍ അധികവും. പട്ടിണി കാരണം, കുട്ടികളെ പഠിപ്പിക്കാന്‍ വഴിയില്ലാതെ, ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങിയാവരാണ് കുടുങ്ങിയവരിലധികവും. ഇയാള്‍ക്കൊപ്പം പിടിയിലായ ഡോക്ടര്‍ ഹൃദിഷ് സക്‌സേന (60)യാണ് ഈ ഗ്രൂപ്പിന് നേതൃത്വം നല്‍കിയിരുന്നത്. കേരളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നും ഇയാള്‍ കൂട്ടാളികള്‍ വഴി ആവശ്യക്കാരെ കണ്ടെത്തിയിരുന്നു.

ഭൂരിഭാഗം ശസ്ത്രക്രിയകളും ശ്രീലങ്കയിലെ മൂന്നു ആശുപത്രികള്‍ കേന്ദ്രീകരിച്ചു നടന്നുവെന്നാണ് കണ്ടെത്തല്‍. ഇവിടെ ശസ്ത്രക്രിയകള്‍ ചെയ്തിരുന്നത്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളറിയാവുന്ന ഒരു ഡോക്ടറായിരുന്നുവെന്നാണ് സൂചന. ഇയാള്‍ ശ്രീലങ്കക്കാരനാണെന്നാണ് പറയുന്നതെങ്കിലും മലയാളിയാണെന്ന തെളിവുകള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കേരളത്തിലെ പല സ്ഥലങ്ങളില്‍ നിന്നും ഇയാള്‍ നടത്തിയ ഫോണ്‍ സന്ദേശമാണ് അന്വേഷണ സംഘത്തെ കേരളത്തിലെത്തിക്കുന്നത്.

ശ്രീലങ്കയ്ക്കു പുറമേ ഇന്ത്യയിലെ പല ആശുപത്രികളിലും റാക്കറ്റ് ശസ്ത്രക്രിയകള്‍ നടത്തിയിട്ടുള്ളതായി സംശയമുണ്ട്. ഇന്ത്യയില്‍ ശസ്ത്രക്രിയകള്‍ക്ക് വിധേയമാകുന്ന വിദേശികള്‍ക്ക് വൃക്ക ലഭിക്കുന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ നടക്കാറില്ല. തെലങ്കാനയിലും പരിസരപ്രദേശങ്ങളിലും ആരംഭിച്ചിട്ടുള്ള പരിശോധനകളില്‍ പല ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും കൃത്യമായ വിവരങ്ങള്‍ ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0