എസ്.പി പിളര്‍ന്നു; അഖിലേഷ് പുറത്ത്, പുതിയ പാര്‍ട്ടി ഉടന്‍

ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി പിളര്‍ന്നു. മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും സംസ്ഥാന ജനറല്‍ സെക്രട്ടറി രാംഗോപാല്‍ യാദവിനെയും മുലായംസിംഗ് യാദവ് ആറു വര്‍ഷത്തേക്ക് പുറത്താക്കി. നടപടിയില്‍ അഖിലേഷിന്റെ അനുകൂലികള്‍ തെരുവില്‍ പ്രതിഷേധിച്ചു.

അഖിലേഷ് യാദവ് ഉടന്‍ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കുമെന്നാണ് സൂചന. പാര്‍ട്ടിയെ രക്ഷിക്കാനാണ് ഇരുവരെയും പുറത്താക്കുന്നതെന്ന് മുലായം വിശദീകരിച്ചു. അതേസമയം, അഖിലേഷ് പുതിയ പാര്‍ട്ടി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് അദ്ദേഹത്തോടൊപ്പമുള്ളവരുടെ വിശദീകരണം.

മുലായത്തിന്റെ സഹോദരനും സംസ്ഥാന അധ്യക്ഷനുമായ ശിവ്പാല്‍ യാദവും മുലായത്തിന്റെ മകന്‍ അഖിലേഷ് യാദവും തമ്മിലുള്ള ഭിന്നതയാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ എസ്.പിയുടെ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയാകുന്നത്. അഖിലേഷിനെ മറികടന്ന് അമര്‍ സിംഗിനെ പാര്‍ട്ടിയില്‍ മടക്കിയെത്തിച്ചതും തര്‍ക്കങ്ങള്‍ രൂക്ഷമാക്കിയിരുന്നു. എസ്.പിയിലെ പോര് ബി.ജെ.പിക്ക് ഗുണകരമാകുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0