ഹരിയാന സര്‍ക്കാര്‍ പരാജയം, ഘട്ടറുടെ രാജിക്കായി സമ്മര്‍ദ്ദം

ചണ്ഡിഗഢ്: ബലാത്സംഗ കേസില്‍ റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെതിരെ അനുയായികള്‍ നടത്തിയ പ്രക്ഷോഭം തടയുന്നതില്‍ ഹരിയാന സര്‍ക്കാര്‍ പരാജയം. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടറുടെ രാജിക്കായി സമ്മര്‍ദ്ദം ശക്തമായി. അക്രമം മണിക്കൂറുകള്‍ നീണ്ടുനിന്നിട്ടും കൃത്യമായ ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിനു കഴിഞ്ഞില്ലെന്നാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്ന ആക്ഷേപം.

ഗുരുതരമായ സാഹചര്യം മുന്‍കൂട്ടി കണ്ട് ആളുകള്‍ കൂട്ടം കൂടുന്നത് തടഞ്ഞ് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ ഭരണകൂടം വൈകി. അക്രമ സാധ്യത കണക്കിലെടുത്ത് സുരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയായിരുന്നു. അനുയായികള്‍ക്ക് തടിച്ചുകൂടാന്‍ അവസരം നല്‍കിയത് ഏറ്റവും വലിയ വീഴ്ചയായി. അക്രമം തടയാനാകാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ കട്ടാര്‍ രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ടികള്‍ ശക്തമാക്കുകയാണ്. ഇപ്പോഴത്തെ അക്രമം തടയുന്നതില്‍ മാത്രമല്ല, ജാട്ട് പ്രക്ഷോഭത്തിലും ഇതേ പരാജയം ഖട്ടാര്‍ നേരിട്ടു. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ഹരിയാനയിലെ മാറ്റം പുതിയ സാഹചര്യത്തില്‍ ബി.ജെ.പിയിലും ചര്‍ച്ചയായേക്കും. ഇതിനിടെ ഗുര്‍മീതിനെ ന്യായീകരിച്ച് ബി.ജെ.പി എം.പി സാക്ഷി മഹാരാജ് രംഗത്തെത്തി.

ഹരിയാനയിലെയും ചണ്ഡിഗഡിലെയും അക്രമങ്ങളെ പ്രധാനമന്ത്രി അപലപിച്ചു. സംഭവം ഞെട്ടിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അക്രമം നിയന്ത്രിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനോടും ആഭ്യന്തര മന്ത്രിയോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അടിയന്തിര യോഗം വിളിച്ചു.

 

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0