നിര്‍മ്മല സീതാരാമന് പ്രതിരോധം, കണ്ണന്താനത്തിന് ടൂറിസം

ഡല്‍ഹി: പുതുതായി ഒന്‍പതു മന്ത്രിമാരെ ഉള്‍പ്പെടുത്തി കേന്ദ്രമന്ത്രിസഭ അഴിച്ചുപണിതു. ക്യാബിനറ്റ് റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച നിര്‍മല സീതാരാമനെ പ്രതിരോധ മന്ത്രിയാക്കി.  മന്ത്രിസഭയില്‍ കേരളത്തിന്റെ പ്രതിനിധിയായ അല്‍ഫോണ്‍സ് കണ്ണന്താനം ടൂറിസത്തിന്റെ സ്വതന്ത്രചുമതല വഹിക്കും ഒപ്പം രവിശങ്കര്‍പ്രസാദിന് കീഴില്‍ ഐടി വകുപ്പില്‍ സഹമന്ത്രിസ്ഥാനവും കൈകാര്യം ചെയ്യും.

ഇന്ദിരാഗാന്ധിക്ക് ശേഷം പ്രതിരോധ മന്ത്രിയുടെ പദവിയിലെത്തുന്ന വനിതയാണ് നിര്‍മല സീതാരാമന്‍. അഴിമതിരഹിത പ്രതിച്ഛായയാണ് രാജ്യരക്ഷാ പദവിയിലേക്ക് നിര്‍മലയ്ക്ക് വഴിതുറന്നത്. സുരേഷ് പ്രഭുവിന് പകരം പീയൂഷ് ഗോയല്‍ റെയില്‍വേ മന്ത്രിയാവും. വാണിജ്യ-വ്യവസായ മന്ത്രിസ്ഥാനം സുരേഷ് പ്രഭുവിന് ലഭിക്കും. ഉമാഭാരതി കൈവശം വച്ചിരുന്ന ജലവിഭവവും, ഗംഗാ ശുചീകരണവും നിതിന്‍ ഗഡ്കരിക്ക് ലഭിച്ചു. ഉമാ ഭാരതി കുടിവെള്ളം/ശുചീകരണം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യും. സഹമന്ത്രിമാരായിരുന്ന ധര്‍മ്മേന്ദ്ര പ്രധാന്‍,മുക്താര്‍ അബ്ബാസ് നഖ്‌വി എന്നിവര്‍ക്ക് അവര്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന പെട്രോളിയം,ന്യൂനപക്ഷകാര്യം എന്നീ വകുപ്പുകളില്‍ ക്യാബിനറ്റ് റാങ്കുള്ള മന്ത്രിമാരായി തുടരും.

ഒളിപിക്‌സ് മെഡല്‍ ജേതാവും ഷൂട്ടിംഗ് ചാമ്പ്യനുമായ രാജ്യവര്‍ധന സിങ് റാത്തോഡാണ് പുതിയ കായികമന്ത്രി. വാര്‍ത്താ വിതരണ വകുപ്പിലെ സഹമന്ത്രിയായിരുന്ന റാത്തോഡ് യുവജന,കായിക വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി കൂടിയായി ഇന്ന് നിയമതിനായി. വിജയ് ഗോയലിനെ പാര്‍ലമെന്ററി വകുപ്പിലേക്ക് മാറ്റിയതിനെത്തുടര്‍ന്നാണ് റാത്തോഡിന് കായിക വകുപ്പ് നല്‍കിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0