കരസേനയുടെ മിന്നലാക്രമണം സ്ഥിരീകരിച്ച് പാക്കിസ്ഥാന്‍ പോലീസ്

പാക്കധീന കശ്മീരിലെ ഭീകരക്യാമ്പുകള്‍ തകര്‍ത്ത കരസേനയുടെ മിന്നലാക്രമണം സ്ഥിരീകരിച്ച് പാക്കിസ്ഥാന്‍ പോലീസ്. പാക്കിസ്ഥാനിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ഫോണ്‍ ചെയ്ത സിഎന്‍എന്‍ ടിവി ചാനല്‍ പ്രതിനിധിയോടാണ് പാക്കധീന കശ്മീരിലെ മിര്‍പൂര്‍ ജില്ലാ പോലീസ് മേധാവി സൈനികാക്രമണ വിവരങ്ങള്‍ പങ്കുവെച്ചത്. ഭിംബറിലെ സമന, പൂഞ്ചിലെ ഹസീര, നീലം മേഖലയിലെ ദുദ്‌നിയാല്‍, ഹതിയാനിലെ കയാനി എന്നിവിടങ്ങളിലാണ് ഭാരത സൈന്യത്തിന്റെ ആക്രമണം നടന്നതെന്ന് പാക്ക് പോലീസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

മിര്‍പൂര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്. പി ഗുലാം അക്ബറാണ് ഭാരത സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ നാശനഷ്ടങ്ങള്‍ വെളിപ്പെടുത്തിയത്. തന്റെ ഉന്നതോദ്യോഗസ്ഥനോട് വിശദീകരിക്കും പോലെ കൊല്ലപ്പെട്ട ഭീകരരുടേയും സൈനികരുടേയും വിവരങ്ങള്‍ അടക്കം പാക്ക് പോലീസ് ഉദ്യോഗസ്ഥന്‍ കൈമാറി. പാക് ഐജി മുഷ്താഖ് ആയി ഫോണ്‍ ചെയ്തത് സിഎന്‍എന്‍ ചാനലിലെ ഇന്‍വെസ്റ്റിഗേഷന്‍ എഡിറ്റര്‍ മനോജ് ഗുപ്തയാണ്. ഏറ്റവും കുറഞ്ഞത് അഞ്ച് പാക്ക് സൈനികരും നിരവധി ഭീകരരും ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് പാക്ക് എസ്പി ഗുലാം അക്ബര്‍ പറയുന്നു. 29ന് പുലര്‍ച്ചെ നാലുമണിക്കൂറോളം ആക്രമണം നീണ്ടു നിന്നെന്നും കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ പാക് സൈന്യം വേഗത്തില്‍ സ്ഥലത്തു നിന്നും നീക്കിയെന്നും എസ്പി ഫോണില്‍ പറഞ്ഞു. ചില മൃതദേഹങ്ങള്‍ ഗ്രാമങ്ങളില്‍ തന്നെ കത്തിച്ചു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0