ഭീകരസംഘടനകള്‍ക്ക് പരിശീലനം നല്‍കി, അവര്‍ ഹീറോകളായിരുന്നു… പര്‍വേസ് മുഷ്‌റഫ്

നല്ലപിള്ള ചമഞ്ഞിരുന്ന പാകിസ്താന്റെ വാദങ്ങള്‍ പൊളിഞ്ഞു

Pervez-Musharrafഡല്‍ഹി: ‘1990 കളിലാണ് കശ്മീരില്‍ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുന്നത്. അക്കാലത്താണ് ലഷ്‌കര്‍ ഇ തൊയ്ബ അടക്കം പന്ത്രണ്ടോളം സംഘടനകള്‍ രൂപീകരിക്കപ്പെട്ടത്. ഞങ്ങള്‍ അവരെ പിന്തുണച്ചു. പരിശീലനം നല്‍കി…’ കാശ്മീര്‍ ആക്രമണങ്ങള്‍ക്ക് ലക്ഷന്‍ ഇ തോയ്ബ അടക്കമുള്ള ഭീകരസംഘടനകള്‍ക്ക് പാകിസ്താന്‍ പിന്തുണയും പരിശീലനവും നല്‍കിയിരുന്നുവെന്ന് മുന്‍ പാക് പ്രസിഡന്റും സൈന്യതലവനുമായിരുന്ന പര്‍വേസ് മുഷ്‌റഫ് വെളിപ്പെടുത്തി.

കാശ്മീരിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കില്ലെന്ന പാകിസ്താന്റെ വാദം പൂര്‍ണ്ണമായും തച്ചുടയ്ക്കുന്നതാണ് പാകിസ്താനിലെ ഒരു പ്രാദേശിക ചാനലിനു നല്‍കിയ മുഷ്‌റഫിന്റെ വെളിപ്പെടുത്തല്‍. 80കളുടെ അവസാനത്തില്‍ കാശ്മീരികളെ കൂട്ടക്കൊല ചെയ്യുന്ന സമീപനമാണ് ഇന്ത്യം സൈന്യം സ്വീകരിച്ചതെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇതിനെ പ്രതിരോധിക്കാനായിരുന്നു ഇത്തരമൊരു നടപടിയെന്നും മുഷ്‌റഫ് വിശദീകരിക്കുന്നു.

ഹഫീസ് സെയ്ഡ്, സക്കിയുര്‍ റഹ്മാന്‍ ലഖ്‌വി എന്നിവര്‍ അക്കാലത്ത് തങ്ങളുടെ ഹീറോകളായിരുന്നു. ആദ്യമവര്‍ മതതീവ്രവാദികളായിരുന്നു. പിന്നീട് ഭീകരതയിലേക്ക് തിരിഞ്ഞു. ഇപ്പോള്‍ സ്വന്തം ആളുകളേയും കൊന്നൊടുക്കുകയാണ്. ഇത് നിയന്ത്രിക്കണം. അവസാനിപ്പിക്കണം- മുഷ്‌റഫ് പറയുന്നു.

ഒസാമ ബിന്‍ലാദനും, താലിബാനും ഒരുകാലത്ത് പാകിസ്താന്റെ ഹീറോകളായിരുന്നു. 1979ല്‍ പാകിസ്താന്‍ മതതീവ്രവാദത്തിന് അനുകൂലമായിരുന്നു. മതതീവ്രവാദത്തിന് തുടക്കം കുറിച്ചത് പാകിസ്താനാണ്. സോവിയറ്റ് ശക്തികള്‍ക്കെതിരെ പോരാടുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീവ്രവാദികളെ കൊണ്ടുവന്നിരുന്നു. താലിബാന് പരിശീലനം നല്‍കുകയും റഷ്യക്കെതിരെ പോരാടാന്‍ അവരെ അയക്കുകയും ചെയ്തിരുന്നു. താലിബാന്‍, ഹഖാനി, ഒസാമ ബിന്‍ലാദന്‍, എസവാഹിരി എന്നിവരെല്ലാം അന്ന് ഹീറോകളായിരുന്നുവെന്നും എന്നാല്‍ പിന്നീട് വില്ലന്മാരായി മാറിയെന്നും മുഷ്‌റഫിന്റെ അഭിമുഖത്തിലുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!