മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് അഞ്ജലി പുതുജീവിതത്തിലേക്ക്

trivandrum medical collegeതിരുവനന്തപുരം: ട്രെയിനില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പാപ്പനംകോട് അരിവക്കോട് കാഞ്ഞിരം വിള വീട്ടില്‍ അനില്‍ കുമാര്‍ രഞ്ജിനി ദമ്പതികളുടെ മകള്‍ നാലുവയസുകാരി അഞ്ജലി പുതു ജീവിതത്തിലേക്ക്. നടുക്കുന്ന ഓര്‍മ്മകളില്‍ നിന്നും തങ്ങളുടെ പൊന്നുമോളെ രക്ഷിച്ചെടുത്ത മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയും എസ്.എ.ടി. ആശുപത്രിയിലേയും ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ആ ദമ്പതികള്‍ നന്ദി പറയുമ്പോള്‍ അവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു.

ഇപ്പോഴും നടുക്കുന്ന ഓര്‍മ്മകളോടെയാണ് അന്നത്തെ ട്രെയിനിലെ സംഭവം അനില്‍കുമാറും ഭാര്യ രഞ്ജിനിയും ഓര്‍ക്കുന്നത്. കൊല്ലത്താണ് രഞ്ജിനിയുടെ വീട്. ഇടയ്ക്കിടയ്ക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നതുമാണ്. ഇപ്രാവശ്യവും ഭാര്യാവീട്ടില്‍ നിന്നും കൊല്ലം നാഗര്‍കോവില്‍ പാസഞ്ചര്‍ ട്രെയിനിലാണ് ഇവര്‍ കയറിയത്. മകന്‍ അതുലും(10) അഞ്ജലിയും അവര്‍ക്കൊപ്പമുണ്ടായിരുന്നു. ചാക്ക കഴിഞ്ഞപ്പോള്‍ ട്രെയിനിന്റെ വേഗത കുറഞ്ഞു. കക്കൂസില്‍ പോകാനായി അനില്‍കുമാര്‍ എഴുന്നേറ്റു. അപ്പോള്‍ അമ്മയുടെ മടിയിലായിരുന്നു അഞ്ജലി. അച്ഛന്റെ കൂടെ താനും കക്കൂസിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് അമ്മയുടെ അടുത്തു നിന്നും എഴുന്നേറ്റ് നടന്നു. അഞ്ജലി പുറകേ വരുന്ന വിവരം അച്ഛന്‍ അറിഞ്ഞില്ല. കക്കൂസിന്റെ കതക് അടച്ച സമയത്ത് കുട്ടി അവിടെ എത്തി. ഇന്നേരം പേട്ട, മൂന്നാമനയ്ക്കല്‍ അമ്പലത്തിന് സമീപം ട്രെയിനെത്തിയിരുന്നു. അച്ഛനെത്തിരക്കി വന്ന കുട്ടി ട്രെയിനിന്റെ ഉലച്ചില്‍ കാരണം വെളിയില്‍ തെറിച്ച് വീണു.

കക്കൂസില്‍ നിന്നും തിരികെ വന്ന അച്ഛന്‍ കരുതി കുട്ടി അമ്മയുടെ അടുത്തായിരിക്കുമെന്നാണ്. എന്നാല്‍ അമ്മ വിചാരിച്ചു കുട്ടി അച്ഛന്റെ അടുത്താണെന്ന്. തിരികെ എത്തിയ അച്ഛന്‍ കുട്ടിയെ തിരക്കിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് മനസിലായത്. കുസൃതിക്കാരിയായ കുട്ടി സീറ്റിനടിയില്‍ ഒളിക്കുക പതിവായിരുന്നു. എന്നാല്‍ ആ ബോഗി മുഴുവന്‍ പരിശോധിച്ചിട്ടും കുട്ടിയെ കാണാത്തതിനാല്‍ ചിന്ത പലവഴിക്കായി. അന്നേരം ട്രെയിന്‍ ഏതാണ്ട് തമ്പാനൂര്‍ എത്താറായിരുന്നു. സര്‍വവും തകര്‍ന്ന ആ അച്ഛന്‍ ഉടന്‍തന്നെ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും ചാടിയിറങ്ങി പലവഴിക്ക് അന്വേഷിച്ചെങ്കിലും ഒരു വിവരവുവും കിട്ടിയില്ല. അവസാനം പോലീസിനോട് ഇക്കാര്യം പറഞ്ഞപ്പോഴാണ് ഒരു കുട്ടി ട്രെയിനില്‍ നിന്നും വീണിട്ടുണ്ടെന്ന കാര്യം അവര്‍ക്ക് അറിയാന്‍ കഴിഞ്ഞത്.

അതേസമയം മൂന്നാം മനയ്ക്കല്‍ അമ്പലത്തിന് പുറകിലുള്ള റെയില്‍വേ പാളങ്ങള്‍ക്ക് ഇടയിലാണ് കുട്ടി വീണത്. കുട്ടിയുടെ കരച്ചില്‍ കേട്ട് അമ്പലത്തിന് സമീപം നിന്നിരുന്ന രണ്ടു പേരാണ് അവിടെ ഓടിയെത്തി രക്തത്തില്‍ കുളിച്ചു കിടക്കുന്ന കുട്ടിയെ വാരിയെടുത്ത് പോലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ പോലീസിന്റെ സഹായത്തോടെ കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. വേദനയ്ക്കിടയിലും അവള്‍ അച്ഛനെക്കാണണമെന്ന് പറഞ്ഞ് കരഞ്ഞു. അച്ഛന്റേയും അമ്മയുടേയും പേരുകള്‍ പറയുകയും ചെയ്തു. പോലീസുകാരില്‍ നിന്നും വിവരം അറിഞ്ഞ അനില്‍കുമാറും ഭാര്യയും തകര്‍ന്ന ഹൃദയവുമായി നേരെ ആശുപത്രിയിലേക്കെത്തുമ്പോള്‍ കണ്ടത് ട്രോളിയില്‍ കിടക്കുന്ന തങ്ങളുടെ പൊന്നു മോളെയാണ്. കെട്ടിപ്പിടിച്ചുകൊണ്ട് എന്തുപറ്റിയെന്ന് ചോദിച്ചപ്പോള്‍ മോളുടെ മറുപടി അവരെ ഞെട്ടിച്ചു. അച്ഛാ ഞാന്‍ ചാടിയതാ… അവളുടെ നിഷ്‌കളങ്കമായ മറുപടി അവരെ കൂടുതല്‍ വേദനിപ്പിച്ചു.

തലയ്ക്ക് മുറിവേറ്റെന്ന് മനസിലാക്കിയ ഡോക്ടര്‍മാര്‍ കുട്ടിയെ എസ്.എ.ടി. ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. എസ്.എ.ടി. ആശുപത്രിയിലെത്തിയ കുട്ടിയെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധിച്ചു. പരിശോധനയില്‍ കുട്ടിയുടെ തലയ്ക്ക് ആഴത്തിലുള്ള മുറിവും തലയോട്ടിയുടെ പുറകുവശത്തായി രണ്ട് ഗുരുതരമായ പൊട്ടലുകളുമുണ്ടെന്ന് കണ്ടെത്തിയിരുന്നു. തലയോട്ടിയ്ക്കുള്ളില്‍ ബ്ലീഡിംഗുമുണ്ട്. തുടര്‍ന്നാണ് ന്യൂറോ സര്‍ജറി വിദഗ്ധര്‍ അടിയന്തിര ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്. കുട്ടിയുടെ വയറിനും നെഞ്ചിനും പരിക്കുകളൊന്നുമില്ലായിരുന്നു.

അന്ന് രാത്രിയില്‍ തന്നെ മണിക്കൂറുകള്‍ നീണ്ട ന്യൂറോ സര്‍ജറി നടത്തി. തുടര്‍ന്ന് അഞ്ജലിയെ ട്രോമ കെയര്‍ ഐസിയുവില്‍ തീവ്ര പരിചരണം നല്‍കി. ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതി ഉണ്ടായതിനെ തുടര്‍ന്ന് കുട്ടിയെ എസ്.എ.ടി. ആശുപത്രിയിലെ ശിശുരോഗ വിഭാഗം വാര്‍ഡില്‍ പ്രവേശിപ്പിച്ചു. തലയ്‌ക്കേറ്റ ക്ഷതം കാരണം കുട്ടിയുടെ ഒരു വശത്ത് ചെറിയ ബലക്ഷയമുണ്ട്. അത് ഫിസിയോ തെറാപ്പിയിലൂടെ ശരിയാക്കാന്‍ കഴിയും. തങ്ങളുടെ പൊന്നുമകളെ തിരികെ തന്ന ഡോക്ടര്‍മാര്‍, ദിവസങ്ങളോളം ഉറക്കംകളഞ്ഞ് ഐസിയുവിലും വാര്‍ഡുകളിലും പരിചരിച്ച നഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്ന് അനില്‍കുമാറും ഭാര്യയും പറഞ്ഞു.

സത്യന്‍നഗര്‍ നഴ്‌സറി സ്‌കൂളിലെ എല്‍.കെ.ജി. സ്‌കൂളിലാണ് അഞ്ജലി പഠിക്കുന്നത്. അതുല്‍ അഞ്ചാം ക്ലാസിലും. നിര്‍മ്മാണ തൊഴിലാളിയായ അനില്‍കുമാറിന് വയറ്റിലെ മുഴയ്ക്കായി ഓപ്പറേഷന്‍ ചെയ്യേണ്ടതുണ്ട്. എന്നാല്‍ സാമ്പത്തിക പരാധീനത കാരണം പലപ്പോഴും മാറ്റിവയ്ക്കുകയായിരുന്നു.

Loading...

COMMENTS

WORDPRESS: 0
DISQUS: 0