കേരളത്തെ ദയവു ചെയ്‌ത് ഗുജറാത്താക്കി മാറ്റരുതെന്ന്‌ നരേന്ദ്രമോഡിയോട്‌ വിഎസ്‌

vs achuthanadanതിരുവനന്തപുരം: ആയുര്‍ദൈര്‍ഘ്യം ശരാശരി 74 വയസ്സും 95 ശതമാനം പേര്‍ക്കും കക്കൂസുമുള്ള കേരളത്തെ ദയവു ചെയ്‌ത് ഗുജറാത്താക്കി മാറ്റരുതെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോഡിയോട്‌ സംസ്‌ഥാന പ്രതിപക്ഷനേതാവ്‌ വിഎസ്‌ അച്യൂതാനന്ദന്‍. തെരഞ്ഞെടുപ്പ്‌ പ്രചരണത്തില്‍ നരേന്ദ്രമോഡിയുടെ അഭിപ്രായത്തിന്‌ ഫേസ്‌ബുക്കിലൂടെയാണ്‌ വിഎസിന്റെ മറുപടി പറഞ്ഞത്‌.

പോസ്‌റ്റിന്റെ പൂര്‍ണ്ണരുപം…

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി തെരഞ്ഞെടുപ്പ്‌ പ്രചരണത്തിനായി കേരളത്തിലേക്ക്‌ വരികയാണ്‌. ഗുജറാത്ത്‌ എന്ന വാഗ്‌ദത്ത നാടുപോലെ കേരളത്തെ മാറ്റിയെടുക്കും എന്നാണ്‌ അനുയായികള്‍ വിളിച്ചു പറയുന്നത്‌. വാചാലമായി സംസാരിക്കാനും മോഡിക്കാവും. എന്നാല്‍ വാചക കസര്‍ത്തുകള്‍ക്കപ്പുറം എന്താണ്‌ ഗുജറാത്തില്‍ ഇവര്‍ ചെയ്‌ത വികസനം?

ഹ്യൂമന്‍ ഡെവലെപ്പ്‌മെന്റ്‌ ഇന്‍ഡക്‌സ് ആണ്‌ സമൂഹത്തിന്റെ വികസനവും അവിടത്തെ മനുഷ്യരുടെ ജീവിത നിലവാരവും അളക്കാനുള്ള അളവ്‌ കോല്‍. ഇതുപ്രകാരം ഇന്ത്യയിലെ ഒന്നാം സംസ്‌ഥാനം കേരളമാണ്‌. ഗുജറാത്തിന്‌ പന്ത്രണ്ടാം സ്‌ഥാനമാണുള്ളത്‌. ഗുജറാത്തിന്‌ തുല്യമാക്കും കേരളം എന്ന്‌ വീമ്പിളക്കുന്നവര്‍ എന്താണ്‌ ആ പറയുന്നതിനര്‍ത്ഥം. ഇന്ന്‌ മലയാളിയുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 74 വയസ്സാണ്‌. അവര്‍ 64 വയസ്സില്‍ തന്നെ മരിക്കണം! നമ്മുടെ കുട്ടികള്‍ സ്‌ക്കൂളിലും കോളേജിലും പോകുന്നത്‌ കുറച്ച്‌ ബാല വേലയില്‍ ഏര്‍പ്പെടണം! കേരളത്തില്‍ 7 ശതമാനം പട്ടിണി അനുഭവിക്കുന്നതെങ്കില്‍ ഗുജറാത്തില്‍ ഇത്‌ 17 ശതമാനമാണ്‌. ശൗച്യാലയമാണ്‌ മോഡിയുടെ മറ്റൊരു തുറുപ്പ്‌. കേരളത്തില്‍ 95 ശതമാനം പേര്‍ക്കും കക്കൂസുണ്ട്‌. ഗുജറാത്തിലാകട്ടെ 43 ശതമാനം വീടുകള്‍ക്കും ഇന്നും കക്കൂസില്ല. ഇതാണ്‌ മോഡിയുടെ വാഗ്‌ദത്ത നാടായ ഗുജറാത്തിന്റെ അവസ്‌ഥ.

വളര്‍ച്ചാ നിരക്ക്‌ എന്നൊരു സൂചിക ഉപയോഗപ്പെടുത്തിയാണ്‌ ഇവര്‍ ഗുജറാത്തിനെ സ്വര്‍ഗ്ഗമായി വാഴ്‌ത്തുന്നത്‌. ശരിയാണ്‌ അവിടെ ധനാഗമനം നടന്നിട്ടുണ്ട്‌. എന്നാല്‍ അത്‌ ചില അംമ്പാനിമാരുടെയും അദാനിമാരുടെയും കീശയിലേക്ക്‌ മാത്രമാണ്‌ ഉണ്ടായിട്ടുള്ളത്‌.
വ്യവസായികള്‍ ഗുജറാത്തിലേക്ക്‌ പോയത്‌ മനുഷ്യനേയും പ്രകൃതിയേയും ചൂഷണം ചെയ്യാന്‍ ഭരണകൂടം കൂട്ടു നില്‌ക്കുന്നു എന്നത്‌ കൊണ്ട്‌ മാത്രമല്ല വെള്ളവും വായുവും ഉള്‍പ്പെടെ എന്തു മലിനീകരണവും ചോദ്യം ചെയ്യപ്പെടില്ല എന്നതുകൊണ്ട്‌ കൂടിയാണ്‌. മലിനീകരണത്തിലാണ്‌ മോഡിയുടെ ഗുജറാത്തിന്‌ ഒന്നാം സ്‌ഥാനം. സബര്‍മതി ഉള്‍പ്പെടെയുള്ള ഗുജറാത്തിലെ മൂന്ന്‌ നദികളാണ്‌ ഇന്ത്യയിലെ ഏറ്റവും മലീമസമായ പുഴകള്‍. ഈ നദികള്‍ മലിനമാക്കുന്ന അംബാനിയും അദാനിയും തങ്ങള്‍ക്ക്‌ കുടിക്കാന്‍ ഹിമാലയത്തില്‍ നിന്നും വെള്ളം കൊണ്ടുവരികയും പാവപ്പെട്ട തദ്ദേശവാസികളെ ഈ മലിനജലം കുടിപ്പിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമാണ്‌ നമ്മള്‍ കാണുന്ന കുറഞ്ഞ ആയുര്‍ ദൈര്‍ഘ്യവും വിദ്യാഭ്യാസവും എല്ലാം. ഈ വികസനമാണ്‌ ഇവര്‍ നമുക്ക്‌ വാഗ്‌ദാനം ചെയ്യുന്നത്‌.

ഇതില്‍ സഹികെടുന്ന യുവജനതയെ വഴിതിരിച്ചു വിടാന്‍ ഇവര്‍ വര്‍ഗീയത ആളിക്കത്തിക്കുന്നു. അവരെ തമ്മില്‍ തല്ലിക്കുന്നു. ഈ വര്‍ഗീയ വിഷം ചീറ്റി കേരളത്തെ ജാതിയുടേയും മതത്തിന്റെയും പേരില്‍ തമ്മില്‍ തല്ലിക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന ബി.ജെ. പി.ക്കും അഴിമതി മറച്ചു വയ്‌ക്കാനും തുടരാനും അവരുമായി സന്ധി ചെയ്‌ത ബി.ഡി. ജെ. എസ്‌ നും തക്ക തിരിച്ചടി നല്‌കാനുള്ള അവസരമാണിത്‌. ശ്രീനാരായണഗുരു, അയ്യങ്കാളി മുതലായ നവോത്ഥാന നായകര്‍ തുടങ്ങുകയും ഇടത്‌ പ്രസ്‌ഥാനങ്ങള്‍ മുന്നോട്ട്‌ കൊണ്ടു പോകുകയും ചെയ്‌ത നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമത്തില്‍ നമുക്ക്‌ കൈകോര്‍ക്കാം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0