സ്ഥാനാർത്ഥിയാകാൻ പ്രമുഖരുടെ മക്കൾ നിരവധി

കൊച്ചി: തദ്ദേശതെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥി പട്ടികയിൽ മുൻകാല നേതാക്കൻമാരുടെ മക്കളുടെ നീണ്ടനിര. മുൻ മുഖ്യമന്ത്രിമാരായ ഇ.കെ. നായനാരുടേയും പി.കെ. വാസുദേവൻ നായരുടേയും പെൺമക്കളെ ഇടതു മുന്നണി മത്സര രംഗത്തിറക്കും. സി.എം.പി നേതാവ് എം.പി. രാഘവന്റെ മകൾ എം.വി. ഗിരിഷ കണ്ണൂരിൽ ഇടതു സ്ഥാനാർത്ഥിയാകും. അതേസമയം, കെ. കരുണാകരന്റെ മകൾ പത്മജയെ മത്സരിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് കോൺഗ്രസ് പിൻമാറി.

ഇ.കെ. നായനാരുടെ മകൾ ഉഷയെ കൊച്ചി കോർപ്പറേഷൻ രവിപുരം ഡിവിഷനിൽ മത്സരിപ്പിക്കുന്നതിനുള്ള എറണാകുളം ഏരിയ കമ്മിറ്റിയുടെ നിർദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. പി.കെ.വി.യുടെ മകൾ ശാരദ മോഹൻ ജില്ലാപഞ്ചായത്ത് കാലടി ഡിവിഷനിൽ സ്ഥാനാർത്ഥിയാകും.
സി.പി.െഎ.യുടെ നേതൃത്വത്തിലുള്ള വനിതാ കലാസാഹിതിയുടെ സംസ്ഥാന സെക്രട്ടറിയാണ് ശാരദ മോഹൻ. കൊച്ചി കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നതിന് പരിഗണിക്കുന്നവരിൽ ഒരാളാണ് നായനാരുടെ മകൾ ഉഷ. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമായതിനാൽ പി.കെ.വി.യുടെ മകളെ പ്രസിഡന്റ് സ്ഥാനം മുന്നിൽ കണ്ടാണ് സി.പി.െഎ.യും രംഗത്തിറക്കുന്നത്.

മുൻമന്ത്രിയും സി.എം.പി. സംസ്ഥാന സെക്രട്ടറിയുമായിരുന്ന എം.വി. രാഘവന്റെ മകൾ എം.വി. ഗിരിജ കണ്ണൂർ കോർപ്പറേഷനിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയാകുന്നുണ്ട്്. കീഴുന്ന വനിതാസംവരണ വാർഡിലാണ് മത്സരിക്കുന്നത്.
സി.എം.പി. അരവിന്ദാക്ഷൻ വിഭാഗത്തിന്റെ പ്രതിനിധിയായാണ് എൽ.ഡി.എഫ്. മുന്നണിയിൽ ഗിരിജ മത്സരിക്കുന്നത്. മുൻമന്ത്രി എൻ. രാമകൃഷ്ണന്റെ മകൾ അമൃതാ രാമകൃഷ്ണനും കണ്ണൂർ കോർപ്പറേഷനിൽ മത്സരത്തിനൊരുങ്ങുന്നുണ്ട്.

അതേസമയം, മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ കൊച്ചി കോർപ്പറേഷനിൽ മത്സരിക്കില്ല. പത്മജയെ താഴെത്തട്ടിൽ മത്സരിപ്പിക്കുന്നതിൽ ഗ്രൂപ്പിനുള്ളിൽ തന്നെ വലിയ എതിർപ്പാണ്. മറ്റു പല പ്രമുഖരുടെയും മക്കൾ മത്സരിക്കുന്നവരുടെ പട്ടികയിലുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0