പി.യു. ചിത്രയ്ക്ക് സ്കോളര്‍ഷിപ്പ്; സി.കെ. വിനീതിന് ഉദ്യോഗം

തിരുവനന്തപുരം: കേരളത്തിന്‍റെ അഭിമാനമായ അത് ലറ്റ് പി.യു. ചിത്രയ്ക്ക് പ്രതിമാസം പതിനായിരം രൂപ സ്കോളര്‍ഷിപ്പ് നല്‍കാനും പരിശീലനത്തിനും ഭക്ഷണ ചെലവിനുമായി പ്രതിദിനം 500 രൂപ അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. കേരള സ്പോര്‍ട്സ് കൗണ്‍സില്‍ വഴിയാണ് തുക ലഭ്യമാക്കുക. ഡോ.എ.പി.ജെ അബ്ദുള്‍കലാം സ്കോളര്‍ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രതിമാസം പതിനായിരം രൂപ നല്‍കുക. പാലക്കാട് മുണ്ടൂര്‍ സ്വദേശിയായ ചിത്ര ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ 1500 മീറ്ററില്‍ സ്വര്‍ണ്ണം നേടിയിരുന്നു.

പ്രമുഖ ഇന്ത്യന്‍ ഫുട്ബോള്‍ താരം സി.കെ. വിനീതിന് സ്പോര്‍ട്സ് ക്വാട്ടയില്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റിന് സമാനമായ തസ്തികയില്‍ നിയമനം നല്‍കാന്‍ തീരുമാനിച്ചു. ഏജീസ് ഓഫീസില്‍ ഓഡിറ്ററായിരുന്ന വിനീതിനെ മതിയായ ഹാജരില്ലെന്ന കാരണം പറഞ്ഞ് ജോലിയില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമനം നല്‍കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0