സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്നു, മാണി ഇറങ്ങിപ്പോയി

തിരുവനന്തപുരം: സ്വാശ്രയ കരാറിനു പിന്നില്‍ തീവെട്ടിക്കൊള്ളയെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. ചോദ്യോത്തര വേളയ്ക്ക് ശേഷം പ്രതിപക്ഷത്തുനിന്ന് വി.എസ്. ശിവകുമാറാണ് സ്വാശ്രയ വിഷയം അടിയന്തര പ്രമേയമായി ഉന്നയിച്ചത്. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് കുത്തനെ ഉയര്‍ത്തി മാനേജുമെന്റുകളെ സഹായിക്കുകയായിരുന്നുവെന്ന് ശിവകുമാര്‍ ആരോപിച്ചു. എന്നാല്‍, ഫീസ് വര്‍ധിപ്പിച്ചതില്‍ വിദ്യാര്‍ത്ഥികള്‍ക്കോ രക്ഷിതാക്കള്‍ക്കോ ഒരു ബുദ്ധിമുട്ടുമില്ലെന്ന് അടിയന്തരപ്രമേയത്തിനു മറുപടി നല്‍കിയ ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

ഫീസ് കൂട്ടിയതിലൂടെ മെറിറ്റ് സീറ്റ് കൂടുതല്‍ കിട്ടി. പ്രതിപക്ഷത്തിനു മാമ്രമാണ് ഇപ്പോള്‍ അതൃപ്തി. ഭരണപക്ഷത്തെ ആരുടെയും മക്കള്‍ സ്വാശ്രയ കോളജുകളില്‍ പഠിക്കുന്നില്ല. എന്നാല്‍, പ്രതിപക്ഷത്തെ ചിലരുടെ മക്കള്‍ ഫീസില്ലാതെ ഇത്തരത്തില്‍ പഠിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ അവരുടെ പേരുകള്‍ സഭയില്‍ പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതോടെ ബഹളമായി. കരാറിനു പിന്നില്‍ കോഴയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സ്പീക്കര്‍ അടിയന്തര പ്രമേയത്തിനു അനുമതി നിഷേധിച്ചു. ഈ സമയം പ്രത്യേക ബ്ലോക്കായിരിക്കുന്ന കെ.എം. മാണി സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. തങ്ങള്‍ സഭയ്ക്കുള്ളില്‍ തന്നെ സമരം തുടരുമെന്ന് അറിയിച്ച് പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരിപ്പ് തുടങ്ങി. സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു.

വിഷയം ചര്‍ച്ച ചെയ്യാമെന്ന ഉറപ്പിന്മേല്‍ മുക്കല്‍ മണിക്കൂറിനു ശേഷം സഭാ നടപടികള്‍ തുടര്‍ന്നു. സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസുകാരുമായി ആരോഗ്യമന്ത്രി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നീറ്റ് മെറിറ്റ് അട്ടിമറിക്കുന്നത് ആരായാലും കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: