അതീര ജാഗ്രത തുടരുന്നു; മലയാളികളെ നാട്ടിലെത്തിച്ചു തുടങ്ങി

kpn-busബെംഗളൂരു: കാവേരി ജലം തമിഴ്‌നാടിന് വിട്ടുനല്‍കാനുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ പൊട്ടിപ്പുറപ്പെട്ട കലാപം കര്‍ണാടത്തില്‍ തുടരുന്നു. അതീവ ജാഗ്രതയിലാണ് ബെംഗളൂരു നഗരം അടക്കമുള്ള പ്രദേശങ്ങള്‍. ബെംഗളൂരില്‍ നിരോധനാജ്ഞ 16 പോലീസ് സ്‌റ്റേഷന്‍ പരിധിയിലേക്ക് വ്യാപിപ്പിച്ചു.

മലയാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ ബസ് സര്‍വീസുകള്‍ ഇന്നു നടത്തും. അക്രമങ്ങളും കൊള്ളിവയ്പ്പുകളും തടയാന്‍ ബെംഗളൂരില്‍ പോലീസ് ജനക്കൂട്ടത്തിനു നേരെ വെടിവച്ചു. ഒരാള്‍ മരിച്ചു. ഏതാനും പേര്‍ക്ക് പരിക്കേറ്റു. അക്രമം അടിച്ചമര്‍ത്താന്‍ കേന്ദ്ര സേനയെ നിയോഗിച്ചിട്ടുണ്ട്. ബെംഗളൂരിലും മൈസൂറിലും അടക്കം പലയിടങ്ങളിലും വന്‍തോതിലാണ് അക്രമങ്ങള്‍ അരങ്ങേറിയത്. കെപിഎന്‍ ട്രാവല്‍സിന്റെ മൈസൂര്‍ റോഡിലുള്ള ഡിപ്പോയില്‍ കടന്ന അക്രമികള്‍ അവിടെക്കിടന്ന ബസുകള്‍ കത്തിച്ചു. 56 ബസുകള്‍ നശിച്ചതായി കമ്പനി അവകാശപ്പെട്ടു. കോടികളുടെ നഷ്ടമാണ് ഉണ്ടായതെന്ന് ഉടമ കോയമ്പത്തൂര്‍ സ്വദേശി അന്‍സാര്‍ വ്യക്തമാക്കി.

karnataka-issueപലയിടങ്ങളിലായി 12 തമിഴ്‌നാട് ലോറികള്‍ അടക്കം അനവധി വാഹനങ്ങള്‍ കത്തിച്ചു. തമിഴരുടെ ഹോട്ടലുകള്‍ തകര്‍ത്തു, ഗതാഗതം സ്തംഭിച്ചു. കേരളത്തിലേക്കുള്ള ബസ് സര്‍വ്വീസ് പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്. ഇന്ന് അതിരാവിലെ പോലീസ് സഹായത്തോടെ ഏതാനും ബസുകള്‍ കേരളത്തിലേക്ക് തിരിച്ചു.

മെട്രോ ട്രെയിന്‍ സര്‍വ്വീസും നിര്‍ത്തിവച്ചു. ഓണത്തിന് നാട്ടില്‍ വരാനിരുന്ന ആയിരക്കണക്കിന് മലയാളികളാണ് ദുരിതത്തിലായത്. കേരള സര്‍ക്കാരിന്റെ ഗതാഗത സെക്രട്ടറി മലയാളികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് ബെംഗുളൂരുവിലെത്തും. കേരള പോലീസിന്റെ പ്രത്യേക സംഘവും ഇവിടെ എത്തിയിട്ടുണ്ട്. മൈസൂറില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വസതിയിലേക്ക് അക്രമികള്‍ കല്ലെറിഞ്ഞു.

ബെംഗളൂരില്‍ 15000 പോലീസുകാരെ വിന്യസിച്ചു. കന്നട ചലച്ചിത്ര താരങ്ങള്‍ക്ക് എതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട തമിഴനായ വിദ്യാര്‍ഥിയെ തല്ലിച്ചതച്ചിട്ടുമുണ്ട്. മൈസൂറിലെ ചാമുണ്ഡീപുരത്ത് വിനോദ സഞ്ചാരത്തിനു വന്ന ഒരു കുടുംബത്തെ വലിച്ചിറക്കി വാഹനം കത്തിച്ചു. ഇന്നലെ രാവിലെ രാമേശ്വരത്ത് ഒരു കന്നട കുടുംബത്തെ ആക്രമിച്ചിരുന്നു. ഇതിനു പ്രതികരമായിട്ടായിരുന്നു ഈ ആക്രമണം.

ബെംഗളൂരില്‍ മൂന്ന് അഡയാര്‍ ആനന്ദ ഭവന്‍ ഹോട്ടലുകളാണ് കല്ലെറിഞ്ഞ് തകര്‍ത്തത്. 12 ലോറികളും കത്തിച്ചു. വൈകിട്ട് ആറു മണിയോടെയാണ് കെപിഎന്‍ ട്രാവല്‍സിന്റെ ഡിപ്പോ ജനക്കൂട്ടം ആക്രമിച്ചത്. കേരളത്തിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് അതിര്‍ത്തിവരെ സംരക്ഷണം നല്‍കാന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കര്‍ണ്ണാടക മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0