മെഡിക്കല്‍ കോളജ് വരാന്തയില്‍ ഭാര്യയെ ഭര്‍ത്താവ് കല്ലുകൊണ്ട് ഇടിച്ചുകൊന്നു

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രി വരാന്തയില്‍ ഭാര്യയെ ഭര്‍ത്താവ് കല്ലുകൊണ്ട് ഇടിച്ച് കൊന്നു. ഭാര്യയെ കൊന്ന ശേഷം കല്ല് ഉപയോഗിച്ച് തലയ്ക്കിടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ജയകുമാറി(45)നെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാവായികുളം ജലജാ മന്ദിരത്തില്‍ രാധികയാണ്(42) കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെ 8.45ഓടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മോര്‍ച്ചറിക്കടുത്തുള്ള കാര്‍ഷെഡിന് സമീപം വരാന്തയിലാണ് രോഗികളെയും കൂട്ടിരുപ്പുകാരെയും ഞെട്ടിച്ച് സംഭവം അരങ്ങേറിയത്. ഒരാഴ്ചയായി രാധിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ചായകുടിക്കാനെന്ന പേരില്‍ രാധികയെയും കൂട്ടി ഇയാള്‍ പുറത്തേക്ക് പോവുകയായിരുന്നെന്ന് ആശുപത്രി അധികൃതരും മറ്റ് രോഗികളും പറഞ്ഞു. കോഫി ഷോപ്പിലെ വരാന്തയില്‍ ഇരുന്ന് ചായ കുടിക്കുന്നതിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.

വാഗ്വാദത്തെ തുടര്‍ന്ന് കുപിതനായ ജയകുമാര്‍ നിലത്ത് കിടന്ന തറയോട് എടുത്ത് ഭാര്യയുടെ തലയ്ക്കടിക്കുകയായിരുന്നു. അബോധാവസ്ഥയിലായ രാധികയെ സംഭവം കണ്ട് നിന്നവര്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ, ജയകുമാര്‍ കല്ലുകൊണ്ട് തലയ്ക്കിടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇത് തടഞ്ഞ് സെക്യൂരിറ്റി ജീവനക്കാരും മറ്റുള്ളവരും കൂടി ഇയാളെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രാധിക ചികിത്സയിലിരിക്കെ മരിച്ചു. ജയകുമാര്‍ പോലീസ് കാവലില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലാണ്. രാധികയുടെ മൃതദേഹം മോര്‍ച്ചറയിലേക്ക് മാറ്റി. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0