കണക്കുകളില്‍ സൂരജിന് 11.88 കോടിയുടെ അനധികൃത സ്വത്ത്

  • കേരളത്തിലും പുറത്തുമായി ഇരുപത്തിരണ്ടോളം വസ്തുവകകള്‍
  • വിപണി വില നോക്കിയാല്‍ അനധികൃത സമ്പാദ്യം 30 കോടിക്കു മുകളില്‍.

 

t o sooraj

കൊച്ചി: മംഗലാപുരത്ത് ഫഌറ്റ്, കൊച്ചിയിലും തിരുവനന്തപുരത്തും ഫഌറ്റുകളും വീടുകളും ഭൂമിയും ഗോഡൗണുകളും… കേരളത്തിനകത്തും പുറത്തുമായി ഇരുപത്തിരണ്ടോളം വസ്തുവകകള്‍ മുതിര്‍ന്ന് ഐ.എ.എസുകാരന്‍ ടി.ഒ. സൂരജിനുള്ളതായി വിജിലന്‍സ് കണ്ടെത്തി.

ഭരണക്കാരുടെ പ്രീയങ്കരനായിരുന്ന മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ടി.ഒ. സൂരജിന് 11.88 കോടി രൂപയുടെ അനധികൃത സ്വത്തിന്റെ രേഖകള്‍ അന്വേഷണ സംഘം കണ്ടെത്തി. ഇതു സംബന്ധിച്ച വസ്തുതാ റിപ്പോര്‍ട്ട് നിയമോപദേശത്തിനു ശേഷം അന്വേഷണ സംഘം വിജിലന്‍സ് ഡയറക്ടര്‍ക്കു കൈമാറി. സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടും.

പിടിച്ചെടുത്ത ആധാരങ്ങള്‍ ഉള്‍പ്പെടെയുള്ള ഒറിജിനല്‍ രേഖകളില്‍ കാണിച്ചിരിക്കുന്ന ന്യായവിലയുടെ അടിസ്ഥാനത്തിലാണു സൂരജിന് 11.88 കോടിയുടെ അനധികൃത സമ്പാദ്യമെന്ന നിഗമനത്തിലെത്തിയത്. വിപണിവിലയുടെ അടിസ്ഥാനത്തില്‍ മൂല്യം നിര്‍ണയിക്കുകയാണെങ്കില്‍ അനധികൃത സമ്പാദ്യത്തിന്റെ കണക്ക് 30 കോടിയെങ്കിലും വരുമെന്നാണ് വിജിലന്‍സിന്റെ നിഗമനം.

വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്ന ആരോപണങ്ങളെത്തുടര്‍ന്ന് വിജിലന്‍സ് തൃശൂരിലെ പ്രത്യേക കോടതിയില്‍ എഫ്.ഐ.ആര്‍. സമര്‍പ്പിച്ചിരുന്നു. ജേക്കബ് തോമസ് വിജിലന്‍സ് എ.ഡി.ജി.പിയായിരിക്കവേയാണ് ഇതുംസബന്ധിച്ച അന്വേഷണം തുടങ്ങിയത്. അദ്ദേഹത്തിന്റെ ഓഫീസിലും മറ്റും വ്യാപകമായ റെയ്ഡ് നടത്തി നിരവധി രേഖകളാണു പിടിച്ചെടുത്തു. സൂരജിനെ വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. ആരോപണം സാധൂകരിക്കുന്ന തെളിവുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. വിജിലന്‍സ് ഡയറക്ടറുടെ ശിപാര്‍ശ സ്വീകരിച്ച് കഴിഞ്ഞ നവംബറിലായിരുന്നു സസ്‌പെന്‍ഷന്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0