സൗമ്യ വധക്കേസിലെ പുനപ്പരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി.

ഡല്‍ഹി: സൗമ്യ വധക്കേസിലെ പുനപ്പരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മയും നല്‍കിയ ഹര്‍ജികളാണ് തള്ളിയത്. ഗോവിന്ദച്ചാമിക്കെതിരായ കൊലക്കുറ്റം നിലനില്‍ക്കാനാവശ്യമായ തെളിവുകളില്ലെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ചു.

സുപ്രീംകോടതി വിധിക്കെതിരെ പരാമര്‍ശം നടത്തിയ മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിന്റെ ഒരു മണിക്കൂര്‍ നീണ്ട വാദം കേട്ട ശേഷമാണ് ഹര്‍ജി കോടതി തള്ളിയത്. നിയമം നടപ്പാക്കുമ്പോള്‍ ജഡ്ജിമാര്‍ സാമാന്യബോധം പ്രകടിപ്പിക്കണമെന്ന് കട്ജു പറഞ്ഞു.  ഗോവിന്ദച്ചാമി ഉപദ്രവിച്ചതു കാരണമാണ് സൗമ്യ ചാടിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 300 ാം വകുപ്പിലെ 3 ാം ഉപവകുപ്പ് പ്രകാരം ഗോവിന്ദച്ചാമിക്കെതിരായ കുറ്റം നിലനില്‍ക്കുമെന്നും വാദം പൂര്‍ത്തിയാക്കി കട്ജു പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറലും കട്ജുവിനെ പിന്തുണച്ചു.

തെളിവു നിയമത്തിലെ 113 എ പ്രകാരം ഗോവിന്ദച്ചാമിക്കെതിരായ കൊലക്കുറ്റം നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് ഗഗോയ് ചൂണ്ടിക്കാട്ടി.  എല്ലാ വാദവും കേട്ട ശേഷമാണ് കോടതി ഹര്‍ജി തള്ളിയത്. തുറന്ന കോടതിയില്‍ പുനപ്പരിശോധനാ ഹര്‍ജിയിന്മേലുള്ള വിശദമായ വിധി ജസ്റ്റിസ് ഗഗോയ് വായിച്ചു. ഇതിന് ശേഷമാണ് മറ്റൊരു കാര്യത്തിലേക്ക് കോടതി കടക്കുകയാണെന്ന് പറഞ്ഞ് കട്ജുവിനെതിരായ കോടതിയലക്ഷ്യ നടപടി പ്രഖ്യാപിച്ചത്. കട്ജുവിനെ ഒരു ഘട്ടത്തില്‍ പുറത്താക്കുമെന്ന് വരെ മുന്നറിയിപ്പു നല്‍കിയ ജസ്റ്റിസ് ഗഗോയ് ഇത്തരത്തില്‍ പെരുമാറേണ്ടി വന്നതില്‍ വിഷമമുണ്ടെന്ന് പറഞ്ഞാണ് നടപടികള്‍ അവസാനിപ്പിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0