സോളാര്‍: മുഖ്യമന്ത്രിക്കും ആര്യാടനും പണം നല്‍കിയെന്ന് സരിത

കൊച്ചി: മുന്‍ നിലപാടുകള്‍ മാറ്റി മന്ത്രിമാര്‍ക്കെതിരെ ആരോപണവുമായി സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍. സോളാര്‍ ബിസിനസുമായി ബന്ധപ്പെട്ട് താന്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സഹായി തോമസ് കുരുവിളയ്ക്ക് 1.90 കോടി രൂപ കൈമാറി.

ഡല്‍ഹിയില്‍ വച്ച് പണം റെഡിയാണെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. തോമസ് കുരുവിളയെ കാണാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ചാന്ദ്‌നി ചൗക്കില്‍ എത്താന്‍ ഫോണില്‍ വിളിച്ചപ്പോള്‍ കുരുവിള നിര്‍ദേശിച്ചു. ഡ്രൈവറെ പുറത്താക്കിയശേഷം കുരുവിള എത്തിയ കാറിലിരുന്നാണ് പണം കൈമാറിയത്. 1.10 കോടി രൂപയാണ് അന്ന് കൈമാറിയത്. അറസ്റ്റിന് പത്തു ദിവസം മുമ്പ് 80 ലക്ഷം രൂപ നല്‍കിയെന്നും ഇതു തിരുവനന്തപുരത്തു വച്ചാണെന്നും സരിത മൊഴി നല്‍കി.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വൈദ്യുതിമന്ത്രിയായ ആര്യാടന്‍ മുഹമ്മദിനെ കാണുകയും കൈക്കൂലി നല്‍കുകയും ചെയ്തു. സോളാര്‍ പദ്ധതിക്ക് രണ്ടു കോടി രൂപയാണ് ആര്യാടന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനു കഴിയാത്തതിനാല്‍ ചര്‍ച്ചയ്ക്കു ശേഷം ഒരു കോടി രൂപ നല്‍കിയാല്‍ മതിയെന്ന് മന്ത്രി സമ്മതിച്ചു. ഇതില്‍ 25 ലക്ഷം രൂപ മന്ത്രിയുടെ ഓഫീസില്‍ വച്ച് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ പി.എയ്ക്ക് നല്‍കി. പിന്നീട് ഒരു ചടങ്ങില്‍ വച്ച് 15 ലക്ഷം രൂപയും നല്‍കി. താന്‍ ജയിലിലായതോടെ പദ്ധതി മുടങ്ങി. ജയിലില്‍ നിന്ന് ഇറങ്ങിയ താന്‍ പണം തിരികെ നല്‍കണമെന്ന് ആര്യാടനോട് ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം നല്‍കിയില്ലെന്നും സരിത പറയുന്നു.

സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയപ്പോഴാണ് ജോപ്പനെ കണ്ടത്. മുന്‍മന്ത്രി ഗണേഷ്‌കുമാറിന്റെ പി.എ വഴിയാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടത്. 2011 ജൂണിലാണ് മുഖ്യമന്ത്രിയെ തിരുവനന്തപുരത്തെത്തി കണ്ടതെന്നും സരിത സോളാര്‍ കമ്മിഷന് നല്‍കിയ മൊഴിയില്‍ പറയുന്നു. ജിക്കുമോനുമായി തനിക്ക് അടുപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയെ പല തവണ കണ്ടിട്ടുണ്ട്. ഡല്‍ഹിയിലെത്തി തോമസ് കുരുവിളയെയും കണ്ടിട്ടുണ്ടെന്നും സരിത മൊഴി നല്‍കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0