ഭാര്യയുടെ പേരില്‍ നടത്തുന്ന ബിസിനസ് ഇടപാടുകള്‍ സര്‍ക്കാരില്‍ നിന്ന് മറച്ചുവച്ചു; ഹൈക്കോടതിയില്‍ തച്ചങ്കരിക്ക് ചീഫ് സെക്രട്ടറിയുടെ കുരുക്ക്

കൊthachankariച്ചി: സര്‍ക്കാര്‍ ജോലിക്കൊപ്പം ഭാര്യയുടെ പേരില്‍ ബിസിനസും നടത്തുന്നു. ഭാര്യയുടെ ബിസിനസ് ഇടപാടുകള്‍ സര്‍ക്കാരില്‍ നിന്ന് മറച്ചുവച്ചു… ഇന്റലിജന്‍സ് എ.ഡി.ജി.പി, െ്രെകംബ്രാഞ്ച് എ.ഡി.ജി.പി, എറണാകുളം റൂറല്‍ എസ്.പി എന്നിവരുടെ അന്വേഷണത്തില്‍ എല്ലാം വ്യക്തമായി. ഈ അക്കൗണ്ടിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ കേന്ദ്ര എജന്‍സികളുടെ അന്വേഷണവും നടപടികളും ആവശ്യമുണ്ടെന്ന് ഡി.ജി.പി ശിപാര്‍ശ ചെയ്തിട്ടുണ്ട്… ഗതാഗത കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരിയെ പൂട്ടിക്കെട്ടി ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

ഭാര്യയുടെ ഉടമസ്ഥതയിലുള്ള കമ്പനി നടത്തുന്നത് തച്ചങ്കരിയാണെന്നും ഭാര്യയുടെ ബിസിനസ് ഇടപാടുകള്‍ സര്‍ക്കാരില്‍നിന്നു മറച്ചുവച്ചെന്നും കോടതിയില്‍ സമര്‍പ്പിച്ച പത്രികയില്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ വ്യക്തമാക്കി. ഭാര്യ ആന്‍ മേരി തച്ചങ്കരിക്ക് 80 ശതമാനം ഓഹരി പങ്കാളിത്തമുള്ള എ.പി.ജി. ഡെവലപ്പേഴ്‌സ് െ്രെപവറ്റ് ലിമിറ്റഡ് നടത്തുന്നതു തച്ചങ്കരിയാണെന്നും രേഖകളില്‍ മാത്രമാണ് ഭാര്യയുടെ ഉടമസ്ഥതയെന്നും ഇന്റലിജന്‍സ് എ.ഡി.ജി.പി, െ്രെകംബ്രാഞ്ച് എ.ഡി.ജി.പി, എറണാകുളം റൂറല്‍ എസ്.പി എന്നിവരുടെ അന്വേഷണത്തില്‍ വ്യക്തമായതാണ്.

ഭാര്യയുടെ സ്ഥാപനത്തിനുവേണ്ടി ഭൂമിയും ക്രഷര്‍ യൂണിറ്റും വാങ്ങിയതില്‍ തച്ചങ്കരിക്ക് പ്രധാന പങ്കുണ്ട്. ഭാര്യ നടത്തുന്ന ബിസിനസിനെക്കുറിച്ച് ടോമിന്‍ തച്ചങ്കരി പല വര്‍ഷങ്ങളായി സര്‍ക്കാരിനെ അറിയിച്ചിരുന്നില്ല. എ.പി.ജി. ഡെവലപ്പേഴ്‌സിന് ബാങ്ക് അക്കൗണ്ടുകളിലൂടെ പണം കൈമാറിയ ആറ്റിങ്ങല്‍ സ്വദേശി എം.ഇ. നിസാര്‍ റിഫാത്ത്, നെടുമങ്ങാട്ടെ അന്‍സാറുദീന്‍ എന്നിവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ കേന്ദ്ര എജന്‍സികളുടെ അന്വേഷണവും നടപടികളും ആവശ്യമുണ്ടെന്ന് ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിട്ടുണ്ടെന്നും ചീഫ് സെക്രട്ടറിയുടെ പത്രികയില്‍ പറയുന്നു.

ഭാര്യയുടെ ബിസിനസ് നടത്തിപ്പ് സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാരില്‍നിന്നും മറച്ചുവച്ചതിന് അഖിലേന്ത്യാ സര്‍വീസ് ചട്ടത്തിന്റെ ലംഘനത്തിന് കുറ്റാരോപണ പത്രിക നല്‍കിയതായും തച്ചങ്കരിയുടെ വിശദീകരണം പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു.

ടോമിന്‍ ജെ. തച്ചങ്കരിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടുകളില്‍ സര്‍ക്കാര്‍ മേല്‍നടപടി സ്വീകരിക്കുന്നില്ലെന്നു പരാതിപ്പെട്ട് പറവൂര്‍, വരാപ്പുഴ പീഡനക്കേസുകളിലെ പ്രതി മണികണ്ഠന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് സെക്രട്ടറിയുടെ വിശദീകരണ പത്രിക. പീഡനക്കേസുകളില്‍ തന്നെ പ്രതിചേര്‍ത്തത് ടോമിന്‍ ജെ. തച്ചങ്കരിയുടെ ഇടപെടല്‍ മൂലമാണെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. എന്നാല്‍ ഹര്‍ജിക്കാരന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇരയായ പെണ്‍കുട്ടി തിരിച്ചറിയല്‍ പരേഡില്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ചീഫ് സെക്രട്ടറിയുടെ പത്രികയില്‍ പറയുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0