അപ്രിയ സത്യങ്ങള്‍ പറഞ്ഞ ജേക്കബ് തോമസിനെതിരെ നടപടിക്ക് സര്‍ക്കാര്‍

jacob thomasതിരുവനന്തപുരം: അപ്രിയ സത്യങ്ങള്‍ പറയാതിരിക്കുക. ഇല്ലെങ്കില്‍ എന്തു സംഭവിക്കുമെന്നല്ലേ… എ.ഡി.ജി.പി ജേക്കബ് തോമസിന്റെ സ്ഥിതി വരും.

ഫഌറ്റ് ലോബിയോടൊപ്പം ചേര്‍ത്ത് മുഖ്യമന്ത്രിക്കെതിരെ സംസ്ഥാരിച്ചതിനു പിന്നാലെ ബാര്‍ കോഴക്കേസില്‍ കോടതി വിധിയെ അനുകൂലിക്കുക കൂടി ചെയ്ത ജേക്കബ് തോമസിനെ കുരിശിലേറ്റാനുള്ള നെട്ടോട്ടമാണ് ഭരണസിരാ കേന്ദ്രത്തില്‍. ഫഌറ്റ് വിഷയത്തിലെ അഭിപ്രായപ്രകടനത്തില്‍ രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ആ സമയം തീരും മുമ്പാണ് ബാര്‍ കോഴയിലെ വിവാദം കൂടി.

ഡി.ജി.പി, ചീഫ് സെക്രട്ടറി എന്നിവര്‍ ഇന്നലെ ജേക്കബ് തോമസിനെതിരെ രംഗത്തുവന്നിരുന്നു. വിജിലന്‍സില്‍ നിന്നോ ചുമതലകളില്‍ നിന്നോ ജേക്കബ് തോമസിനെ മാറ്റിയിട്ടില്ലെന്ന് നേരത്തെ പറഞ്ഞ ആഭ്യന്തരമന്ത്രിയും അതെല്ലാം വിഴുങ്ങി ഇന്നലെ ഡി.ജി.പിക്കൊപ്പം ചേര്‍ന്നു. ജേക്കബ് തോമസ് ബാര്‍ കോഴ അന്വേഷണത്തില്‍ ഏതൊരു റോളും വഹിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. സര്‍ക്കാരിനു മുകളില്‍ വളരാന്‍ ആരെയും അനുവദിക്കില്ലെന്ന് പരോക്ഷമായി മുഖ്യമന്ത്രിയും വ്യക്തമാക്കിയതോടെ എ.ഡി.ജി.പിയുടെ വിധി തീരുമാനിക്കപ്പെട്ട സ്ഥിതിയാണ്. ജേക്കബ് തോമസിനെ സസ്‌പെന്റ് ചെയ്യാനാണ് സര്‍ക്കാര്‍ ആലോചന.

തന്റെ അധികാര പരിധിയില്‍ വരാത്ത വിഷയത്തില്‍ അഭിപ്രായം പറഞ്ഞ ഡി.ജി.പിക്കും കോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയ വിജിലന്‍സ് ഡയറക്ടര്‍ക്കും സുരക്ഷാ വലയം ഒരുക്കുന്നവരാണ് ജേക്കബ് തോമസിനെ ക്രൂശിക്കാന്‍ മുന്നിട്ടിറങ്ങുന്നതെന്നതും ശ്രദ്ധേയമാണ്. കാര്യങ്ങള്‍ തുറന്നു പറയുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നിലപാട് വിമര്‍ശിക്കപ്പെടുകയാണ്.

ഡി.ജി.പിയും എ.ഡി.ജി.പിയും തമ്മിലുണ്ടായ പരസ്യമായ ഏറ്റുമുട്ടല്‍ പോലീസ് സേനയും ചേരിതിരിവ് ഉണ്ടാക്കിയിരിക്കയാണ്. പരസ്യമായ പ്രതികരണത്തിന് ആരും ഇതേവരെ തയാറായിട്ടില്ല. എന്നാല്‍ ഉന്നതതലത്തില്‍ തന്നെ ഉദ്യോഗസ്ഥര്‍ ഇരുചേരികളിലും അണിനിരക്കുന്നത് സര്‍ക്കാരിന് തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ പുതിയ തലവേദനയാണ്. ഇന്നലെ മാധ്യമങ്ങളെ കാണുമ്പോള്‍ കൈയില്‍ സെലോടേപ്പ് കരുതിയ ജേക്കബ് തോമസിന്റെ നടപടി മറ്റൊരു പ്രതിഷേധവുമായി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0