ബെംഗളൂരു സ്‌ഫോടനം: മദനിക്കെതിരായ കേസ് പൂര്‍ണമായും എന്‍ഐഎക്ക് വിടണം: വി. മുരളീധരന്‍

തിരുവനന്തപുരം: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മദനി പ്രതിയായ ബെംഗളൂരു സ്‌ഫോടനക്കേസിന്റെ അന്വേഷണം കര്‍ണാടക സര്‍ക്കാര്‍ പരിപൂര്‍ണമായും എന്‍ഐഎയെ ഏല്‍പ്പിക്കണമെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് വി. മുരളീധരന്‍. കേസ് അട്ടിമറിച്ച് മദനിയെ രക്ഷിക്കാന്‍ കര്‍ണാടക പോലീസും പ്രോസിക്യൂഷനും ശ്രമിക്കുകയാണ്. 40 പ്രോസിക്യൂഷന്‍ സാക്ഷികള്‍ എന്‍ഐഎ കോടതിയില്‍ മൊഴിമാറ്റി പറഞ്ഞിട്ടും പ്രോസിക്യൂഷന്‍ മറുത്തൊന്നും വാദിക്കാതിരുന്നത് അതിന്റെ തെളിവാണെന്നും വി. മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട കുറ്റത്തിന് അറസ്റ്റിലായവര്‍ക്ക് കേസ് നടത്താനും മറ്റുമായി ഫണ്ട് ആവശ്യപ്പെട്ട് വിദേശരാജ്യങ്ങളില്‍ ഇ-മെയില്‍ അയച്ച സംഭവത്തില്‍ തടിയന്റവിട നസീറും ഷഹനാസും മാത്രമല്ല പ്രതികള്‍. കൂടുതല്‍ ആഴത്തില്‍ അന്വേഷിച്ചാല്‍ അത് അബ്ദുള്‍ നാസര്‍ മദനിയിലേക്കായിരിക്കും ചെന്നെത്തുക. അതിനിട വരുത്താതെ കോണ്‍ഗ്രസ് ഭരിക്കുന്ന കേരള-കര്‍ണാടക സര്‍ക്കാരുകള്‍ കേസ് അട്ടിമറിച്ച് മദനിയെ രക്ഷിക്കാന്‍ പരിശ്രമിക്കുകയാണ്. ബെംഗളൂരു സ്‌ഫോടനക്കേസിലെ പ്രധാനപ്രതിയായ അബ്ദു ഉസ്താദ് മദനിയെ നേരിട്ട് അറിയില്ലെന്നും മാധ്യമങ്ങളിലൂടെ കണ്ട പരിചയം മാത്രമേ ഉള്ളൂവെന്നും മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസില്‍ പ്രതിയായ അബ്ദുള്‍ ജബ്ബാറിനൊപ്പം താന്‍ മദനിയെ കണ്ടിട്ടുണ്ടെന്ന് ഇയാള്‍ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്. മാത്രമല്ല ഫോണിലൂടെ മദനിയെ ബന്ധിപ്പെട്ടിട്ടുണ്ടെന്നും മൊഴി നല്‍കിയിരുന്നു. ഇക്കാര്യങ്ങളൊന്നും ബെംഗളൂരു എന്‍ഐഎ കോടതിയില്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ചിട്ടില്ല. അബ്ദു ഉസ്താദിന്റെത് കള്ളമൊഴിയാണെന്ന ചെറുവാദം പോലും പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് ഉന്നയിച്ചിട്ടില്ല.

Loading...

COMMENTS

WORDPRESS: 0
DISQUS: 0