പ്രതിഷേധവും കരിങ്കൊടിയും… പൊതുപരിപാടികള്‍ ഒഴിവാക്കി മുഖ്യമന്ത്രി തലസ്ഥാനത്തേക്ക്, തിരക്കിട്ട കൂടിയാലോചനകള്‍, നാളെ അപ്പീല്‍ നല്‍കും

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ക്കെതിരെ ഇടത് യുവജനസംഘടനകള്‍ തെരുവില്‍. പ്രതിഷേധം ശക്തമായതോടെ പൊതുപരിപാടികള്‍ ഒഴിവാക്കി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തലസ്ഥാനത്തേക്കു മടങ്ങി. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള വിജിലന്‍സ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതയില്‍ നിന്ന് സ്‌റ്റേ സമ്പാദിക്കാന്‍ തിരക്കിട്ട ശ്രമം.

സോളാര്‍ കമ്മിഷനില്‍ സരിത നടത്തിയ വെളിപ്പെടുത്തലുകള്‍ സൃഷ്ടിച്ച രാഷ്ട്രീയ പൊട്ടിത്തെറിക്കിടയാണ്, അതിനെ ചുവടു പിടിച്ച് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവു കൂടി ഉണ്ടായത്. ഇതോടെ ഉമ്മന്‍ ചാണ്ടിക്കും സര്‍ക്കാരിനും മുന്നില്‍ ഇന്നലെ രാവിലെ സൃഷ്ടിക്കപ്പെട്ടത് വന്‍ പ്രതിസന്ധിയാണ്.

വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ തന്നെ ഇടത് യുവജന സംഘടനകളും യുവമോര്‍ച്ചയും കരിങ്കൊടിയുമായി മുഖ്യമന്ത്രിയെ തടയാന്‍ നിരത്തിലറങ്ങിയിരുന്നു. അതിരാവിലെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയ മുഖ്യമന്ത്രിയുടെ വാഹനം പത്തുമിനിട്ടോളം പ്രതിഷേധത്തില്‍ കുടുങ്ങുകയും ചെയ്തു. സെക്രട്ടേറിയറ്റിനു മുന്നിലെ സമരം സംഘര്‍ഷത്തിലെത്തി. ലാത്തിച്ചാര്‍ജും ജലപീരങ്കി പ്രയോഗവുമുണ്ടായി. എത്തിയെടുത്തെല്ലാം പ്രതിഷേധങ്ങളുയരുകയും വിജിലന്‍സ് കോടതി ഉത്തരവ് വരുകയും ചെയ്ത സാഹചര്യത്തിലാണ് പൊതുപരിപാടികള്‍ റദ്ദാക്കി അദ്ദേഹം തലസ്ഥാത്തേക്ക് മടങ്ങിയത്.

മടക്കയാത്രയ്ക്കിടെ നെടുമ്പാശ്ശേരിയിലെത്തിയ മുഖ്യമന്ത്രി എ ഗ്രൂപ്പ് നേതാക്കളുമായും അഡ്വക്കേറ്റ് ജനറലുമായും കൂടിക്കാഴ്ച നടത്തി. കെ.സി. ജോസഫ്, ആര്യാടന്‍ മുഹമ്മദ് തുടങ്ങിയ മന്ത്രിമാരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ്, വിജിലന്‍സ് കോടതി ഉത്തരവ് എ.ജിക്ക് ലഭിച്ചത്. നാളെ തന്നെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് ആലോചന. എന്നാല്‍, വിജിലന്‍സ് അപ്പീലുമായി പോകേണ്ടതില്ലെന്ന് ധാരണയായിട്ടുണ്ട്. അതിനിടെ, സരിതയുമായുണ്ടായ കൂടിക്കാഴ്ച സംബന്ധിച്ച് നിയമസഭയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ അവകാശലംഘനത്തിനു നോട്ടീസ് നല്‍കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0